പാട്ന: വാര്‍ഡനേയും പതിനേഴുകാരനായ അന്തേവാസിയേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ബിഹാറിലെ ജുവനൈല്‍ ഹോമില്‍ നിന്ന് അഞ്ച് പേര് രക്ഷപെട്ടു.പൂര്‍ണിയ നഗരത്തിലെ ജുവനൈല്‍ ഹോമിലാണ് സംഭവം.
ജെഡിയു പ്രാദേശിക നേതാവിന്റെ മകനാണ് രക്ഷപെട്ടവരില്‍ ഒരാള്‍. കഴിഞ്ഞ ദിവസം വാര്ഡന് നടത്തിയ പരിശോധനയില്‍ ചുമക്കുളള മരുന്ന് കുട്ടികള്‍ ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അഞ്ച് പേരെയും മറ്റൊരു അഭയ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യുകയും, ബോര്‍ഡ് അത് അംഗീകരിക്കുകയും ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞതോടെയാണ് വാര്‍ഡനേയും മറ്റൊരു അന്തേവാസിയേയും കൊലപ്പെടുത്തിയ ശേഷം കുട്ടികള്‍ രക്ഷപെട്ടത്. ഇവര്‍ മരുന്ന് ഒളിപ്പിച്ചുവച്ച സ്ഥലം കാണിച്ചു കൊടുത്തതിലുള്ള വൈരാഗ്യത്തിലാണ് പതിനേഴുകാരനെ വെടിവച്ച് കൊന്നത്.
ഇവര്‍ക്ക് തോക്ക് ലഭിച്ചത് എവിടെ നിന്നാണെന്ന കാര്യത്തിലുള്‍പ്പെടെ അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.