ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 40 ബേസിക് പോയിന്റാണ്(0.40 ശതമാനം) വര്‍ധിപ്പിച്ചിട്ടുള്ളത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി സേവിംഗ്സ് സ്കീം, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവക്കെല്ലാം വര്‍ധന ബാധകമാണ്. ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന പാദത്തിലെ നിരക്കുകളിലാണ് വര്‍ധന.
ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള ടൈം ഡെപ്പോസിറ്റിന്റെ പലിശനിരക്കില്‍ 30 ബേസിസ് പോയിന്റാണ് വര്‍ധന വരുത്തിയിട്ടുള്ളത്. അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി, പിപിഎഫ് എന്നിവയുടെ പലിശയില്‍ 0.40 ശതമാനമാണ് വര്‍ധന.
ഇത് പ്രകാരം പിപിഎഫിന്റേയും എന്എസ്സിയുടേയും പലിശ എട്ട് ശതമാനമാകും. സുകന്യ സമൃദ്ധിയുടേത് 8.5 ശതമാനവും സീനിയര്‍ സിറ്റിസണ്‍ സ്കീമിലേത് 8.7 ശതമാനവുമാകും പലിശ.