ദക്ഷിണ കൊറിയയില്‍ പുരുഷ മോഡലിന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച വനിത മോഡലിന് 10 മാസം തടവ് ശിക്ഷ. ആന്‍ എന്ന മോഡലിനാണ് കോടതി ശിക്ഷ വിധിച്ചത്. സഹമോഡലിന്റെ ചിത്രങ്ങള്‍ രഹസ്യമായെടുത്ത ശേഷം പ്രചരിപ്പിക്കുകയായിരുന്നു. ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്ന 40 മണിക്കൂര്‍ നീണ്ട കൗണ്‍സിലിംഗും ശിക്ഷയുടെ ഭാഗമായി പെണ്‍കുട്ടിക്ക് വിധിച്ചിട്ടുണ്ട്.
മോഡലായി ജോലി ചെയ്തിരുന്ന യുവാവിന് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ ശരീരത്തെ കുറിച്ച് ലൈംഗികത കലര്‍ന്ന രീതിയില്‍ സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഗ്നചിത്രം ഓണ്‍ലൈന്‍ വഴി വ്യാപകമായി പ്രചരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയെ പൊലീസ് അറസ്ററ് ചെയ്തു. ഇവരുടെ വീട്ടിലും തെളിവിനായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.
ദക്ഷിണകൊറിയയില്‍ അടുത്ത കാലത്തായി ഒളിക്യാമറ വച്ച് ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുരുഷന്മാരാണ് ഇത്തരം കേസുകളില്‍ പ്രതികളായി കൂടുതലും വന്നിരുന്നത്. സ്കൂളുകള്‍, ഓഫീസ്, ട്രെയിന്‍, ടോയ്ലെറ്റ്, വസ്ത്രം മാറുന്ന മുറികള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം ഇത്തരത്തില്‍ ഒളിക്യാമറ വച്ച് ചിത്രങ്ങള്‍ എടുത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2010ല്‍ ഇത്തരം കേസുകളുടെ എണ്ണം 1100 ആണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 6500 ആയാണ് ഉയര്‍ന്നത്. ഇങ്ങനെ ചിത്രങ്ങളെടുത്ത ശേഷം ഓണ്‍ലൈനിലൂടെ വ്യാപകമായി വില്ക്കാന് വക്കുന്നതായും പരാതികള്‍ ഉയരുന്നുണ്ട്.