പത്തനംതിട്ട: അന്തരിച്ച ചലച്ചിത്രതാരം ക്യാപ്റ്റൻ രാജുവിന്റെ സംസ്ക്കാരം ഇന്ന് നടക്കും. വൈകിട്ട് നാലിന് ഒാമല്ലൂർ പുത്തൻപീടിക വടക്ക് സെന്റ്മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.
രാവിലെ എട്ടിന് എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചശേഷം സ്വദേശമായ പത്തനംതിട്ട ഓമല്ലൂരിലേക്ക് വിലാപയാത്രയായി തിരിക്കും. ഉച്ചക്ക് രണ്ടിന് പത്തനംതിട്ട നഗരത്തിലൂടെ യാത്ര കടന്നുപോകും. 2.15ന് ഓമല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ പൊതുദർശനത്തിന് വയ്ക്കും.
3.15ന് കുടുംബ വീടായ പുത്തൻ പീടിക കുര്യന്റയ്യത്ത് വീട്ടിൽ കൊണ്ടുവരും. നാലിന് സെന്റ്മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ശുശ്രുഷകൾക്ക് ശേഷം സംസ്ക്കരിക്കും. കാത്തോലിക്ക ബാവ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഇന്ന് ഉച്ചയ്ക്കുശേഷം നഗരത്തിലും കൈപ്പട്ടൂർ റോഡിലും ഗതാഗത നിയന്ത്രണമുണ്ടാകും.