ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന്റെ മഹാസഖ്യ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി മായാവതിയുടെ അപ്രതീക്ഷ നീക്കം. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിമതന് അജിത് ജോഗിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ മായാവതി മധ്യപ്രദേശില്‍ 22 സീറ്റുകളില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ അഞ്ച് മാസത്തിലേറെയായി കോണ്‍ഗ്രസുമായി നടക്കുന്ന സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മായാവതിയുടെ നീക്കം.
മധ്യപ്രദേശില്‍ 230 സീറ്റുകളിലും ബിഎസ്പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് മായാവതിയുടെ തീരുമാനമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രമാചാല് രാജ്ബഹര്‍ പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ മായാവതി നടത്തിയ അപ്രതീക്ഷിത നീക്കം കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
90 അംഗ ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 35 സീറ്റുകളില്‍ ബിഎസ്പിയും 55 സീറ്റില്‍ അജിത് ജോഗിയുടെ ജനത കോണ്‍ഗ്രസ് ഛത്തീസ്ഗഡും മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജോഗിയാണ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.
ആകെയുള്ള 230 സീറ്റുകളില്‍ 50 എണ്ണം ബിഎസ്പിക്ക് വേണമെന്ന ആവശ്യമായിരുന്നു കോണ്‍ഗ്രസിന് മുന്നില്‍ ബിഎസ്പി നിര്‍ദേശിച്ചത്. എന്നാല്‍ 30 സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.