കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിഷപ്പിനെ ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറു മണിക്കൂറോളം നിരീക്ഷണത്തില്‍ വച്ചതിന് ശേഷമാണ് വിട്ടയക്കുന്നത്. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചക്ക് മുന്‍പ് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ട് തവണ നടത്തി. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിട്ടയക്കുന്നത്. ഇന്നലെ രാത്രി നടത്തിയ വൈദ്യ പരിശോധനയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കണ്ടെത്തിയിരുന്നു. ഇസിജിയിലും നേരിയ വ്യതിയാനം കണ്ടിരുന്നു.
അതേസമയം ബിഷപ്പ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ വിടരുതെന്നും വാദിക്കും. ബിഷപ്പിനെ മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടുമെന്നാണ് സൂചന.