ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ കാണാതായ മലയാളി നാവികന് അഭിലാഷ് ടോമിയെ കണ്ടെത്തുന്നതിനായി ഇന്ത്യന്‍ നാവികസേന പുറപ്പെട്ടു. നാവികസേനയുടെ ഐഎന്‍എസ് സത്പൂര എന്ന കപ്പലാണ് ഓസ്ട്രേലിയന്‍ തീരത്തേക്ക് പുറപ്പെട്ടത്. ഓസ്ട്രേലിയന്‍ റെസ്ക്യു കോര്‍ഡിനേറ്റിംഗ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
അതേ സമയം അദ്ദേഹത്തിന്റെ രണ്ടാമത്തെ സന്ദേശം ലഭിച്ചത് ആശങ്ക കുറച്ചിട്ടുണ്ട്. അഭിലാഷിന്റെ കൈവശമുള്ള സാറ്റലൈറ്റ് റേഡിയോ പ്രവര്ത്തനക്ഷമമായിരിക്കുന്നുണ്ട്. തന്റെ അടുത്തേക്ക് എത്താന്‍ സാധിക്കുന്ന തരത്തിലുള്ള എല്ലാ വിവരങ്ങളും അഭിലാഷ് സന്ദേശത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആദ്യ സന്ദേശം ലഭിച്ചത്. പായ് വഞ്ചിക്ക് തകരാര്‍ സംഭവിച്ചുവെന്നും മുതുകിന് സാരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യ സന്ദേശം. ഇന്ന് രാവിലെയാണ് രണ്ടാം സന്ദേശം ലഭിക്കുന്നത്.
മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. അപകടവിവരം അറിഞ്ഞ ഉടനെ തന്നെ സഹായവുമായി രംഗത്തിറങ്ങിയ ഓസ്ട്രേലിയന്‍ സമുദ്ര സുരക്ഷ വിഭാഗത്തിന് ഗോള്‍ഡന്‍ ഗ്ലോബ് റേസ് ചെയര്മാന് ഡോണ്‍ മാക്വിന്റയര് നന്ദി അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നത്. ആദ്യമായി പായ്വഞ്ചിയില് കടലിലൂടെ ലോകം ചുറ്റിയ സര് റോബിന് നോക്സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.