ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമുകളില്‍ മികച്ച ഭക്ഷണം ലഭ്യമാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. പ്ലാറ്റ്ഫോമുകളിലെ സ്റ്റാളുകളില്‍ ലഭിക്കുന്ന ഭക്ഷണപാനീയങ്ങളുടെ ഗുണനിലവാരം മനസിലാക്കാന്‍ പലപ്പോഴും യാത്രക്കാര്‍ക്ക് സാധിക്കാറില്ല. പ്ലാറ്റ്ഫോമുകളിലെ ഭക്ഷണത്തെക്കുറിച്ച് വ്യാപകപരാതികള്‍ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് ഇതിന് പരിഹാരമായിട്ട് ഐആര്‍സിടിസിയുടെ നേതൃത്വത്തില്‍ സ്റ്റാളുകള്‍ ആരംഭിക്കാനൊരുങ്ങുന്നത്.
റെയില്‍വേ ബോര്‍ഡിന്റെ കീഴില്‍ ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ഓരോ മേഖലയിലേക്കും ഈ ഉത്തരവ് കൈമാറിയിട്ടുണ്ട്. യാത്രക്കിടയില്‍ സ്റ്റേഷനില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ ഇറങ്ങുന്നവര്‍ക്ക് വലിയ ആശ്വാസകരമാകും ഇത്തരം ഫുഡ് പ്ലാസകളുടെ വരവ്.
2017ലെ കാറ്ററിംഗ് പോളിസി പ്രകാരം ഇന്ത്യന്‍ റെയില്‍വേ അവരുടെ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം ഉണ്ടാക്കുന്ന അടുക്കളയില്‍ ഐആര്‍സിടിസി സിസിടിവി ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. അടുക്കളയിലെവിടെയെങ്കിലും പാറ്റ, പല്ലി, ചെറുപ്രാണികള്‍ മുതലായവയെ കണ്ടെത്തിയാല്‍ തിരിച്ചറിയാനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ സംവിധാനവും ഇതിലുണ്ട്.
ട്രെയിനില്‍ നല്കുന്ന ഭക്ഷണത്തിന് ബില്‍ നിര്‍ബന്ധമായും നല്‍കണമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം പോയിന്റ് ടു സെയില്‍ മെഷീനുകളും യാഥാര്‍ത്ഥ്യമാക്കിയിരുന്നു. ട്രെയിനുകളില്‍ ഭക്ഷണത്തിന് അമിത ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെയായിരുന്നു ഈ നീക്കങ്ങള്‍.