കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് തെളിവെടുപ്പിനെത്തിക്കും. കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ചാണ് തെളിവെടുപ്പ്. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മാറ്റിയ ശേഷമായിരിക്കും തെളിവെടുപ്പ്. രാവിലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതേസമയം പീഡനം നടന്ന കാലയളവില്‍ ബിഷപ്പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്ടോപ് എന്നിവ വീണ്ടെടുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തേക്കാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പാല മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.