മാനന്തവാടി: മാനന്തവാടി സീറോ മലബാര്‍ രൂപതയിലെ കാരയ്ക്കാമല മഠം അന്തേവാസിയും ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന് അംഗവുമായ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സഭ ചടങ്ങുകളില്‍ വിലക്ക്. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിനുമാണ് നടപടി. വേദപാഠ അധ്യാപനം, വിശുദ്ധ കുര്‍ബാന നല്കല് എന്നിവയില്‍ നിന്നാണ് സിസ്റ്റര്‍ ലൂസിയെ വിലക്കിയത്. മാനന്തവാടി രൂപതയാണ് സിസ്റ്റര്‍ ലൂസിക്കെതിരായി നടപടിയെടുത്തത്.
സഭ നടപടികളില്‍ നിന്നും വിലക്കിക്കൊണ്ട് വികാരിയച്ചന്റെ നിര്‍ദേശം ലഭിച്ചതായി മദര്‍ സുപ്പീരിയര്‍ അറിയിച്ചുവെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. കന്യാസ്ത്രീകളുടെ സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് സിസ്റ്റര്‍ ലൂസി മഠത്തില്‍ തിരികെ എത്തിയത്.