കോട്ടയം: കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനു ശേഷം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി അനുവദിച്ച 48 മണിക്കൂര്‍ കസ്റ്റഡി ഇന്ന് ഉച്ചക്ക് 2.30ന് അവസാനിക്കും. ശനിയാഴ്ചയാണ് ബിഷപ്പിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ബിഷപ്പ് ജാമ്യം തേടി ജില്ല കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കും.
അതേസമയം ബിഷപ്പിനെ നുണപരിശോധനക്ക് വിധേയനാക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ഇന്നലെ ബിഷപ്പിനെ കുറവിലങ്ങാട്ടെ നാട്കുന്ന് മഠത്തിലെത്തിച്ച് തെളിവെടുത്തിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ഉള്ളവരെ ഇവിടെ നിന്ന് മാറ്റിയ ശേഷമായിരുന്നു തെളിവെടുപ്പ്.
അതേപോലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലും അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഫാ.ജെയിംസ് എര്‍ത്തയിലിനെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്ന മുറക്ക് ബിഷപ്പ് ഉള്‍പ്പെടെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ മിഷണറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമലക്കെതിരെയും നടപടി ഉണ്ടാകും. കേസുകളിന്മേല് ഒരാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥന് കെ.സുഭാഷിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.