ആലപ്പുഴ: സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരെ ആലപ്പുഴയിലെ പൊലീസ് സേനക്കുള്ളില്‍ അമര്‍ഷം പുകയുന്നു. ശമ്പളം നല്‍കുന്നതിന് എതിരെ വിസ്സമ്മത പത്രം നല്‍കിയിട്ടും അത് സ്വീകരിക്കാതെ പണം പിരിക്കാനുള്ള നീക്കമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്നത് എന്നാണ് ആരോപണം. സമ്മതം കൂടാതെ ശമ്പളം പിടിച്ചാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ ജനം ടി വി യോട് പറഞ്ഞു.
പ്രളയത്തില്‍ അകപ്പെട്ടതും ,സാധാരണക്കാരുമായ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് കഴിയില്ലെന്നുള്ള വിസമ്മത പത്രം നല്‍കിയത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും 37ഉം ,നോര്‍ത്തില്‍ നിന്നും 28ഉം ,പുളിങ്കുന്നില്‍ നിന്നും 35ഉം ,ചേര്‍ത്തലയില്‍ 40 പേരും വിസമ്മത പത്രം നല്കി എന്നാണ് അനൗദ്യോഗിക കണക്ക്. മറ്റു സ്റ്റേഷനുകളിലും പകുതിയോളം ആളുകള്‍ ഇത്തരത്തില്‍ വിസമ്മത പത്രം നല്കി എന്നാണ് വിവരം.
ആവുന്നത്ര സഹായങ്ങള്‍ പ്രളയകാലത്തു ചെയ്തു. രാവും പകലും ഇല്ലാതെ ജോലി നോക്കി. പക്ഷേ എന്നിട്ടും സാലറി ചലഞ്ച് എന്ന പേരില്‍ തങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന് പറയുന്നു.
അതേസമയം വിസമ്മത പത്രം നല്‍കിയവരുടെ പട്ടിക പ്രത്യേകം തയ്യാറാക്കി ഇവരെ നോട്ടപ്പുള്ളികളാക്കി പ്രതികാര നടപടികള്‍ സ്വീകരിക്കാനും അണിയറയില്‍ നീക്കം നടക്കുന്നതായി ആരോപണം ഉണ്ട്.