കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ബിഷപ്പ് ജാമ്യ ഹര്‍ജിയില്‍ പറയുന്നു. തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും വാദിക്കും. അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ചാണ് പരിഗണിക്കുന്നത്.
അതേസമയം കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനു ശേഷം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കോടതി അനുവദിച്ച 48 മണിക്കൂര്‍ കസ്റ്റഡി ഇന്ന് ഉച്ചക്ക് 2.30ന് അവസാനിക്കും. ശനിയാഴ്ചയാണ് ബിഷപ്പിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്. ബിഷപ്പിനെ നുണപരിശോധനക്ക് വിധേയനാക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ഇന്നലെ ബിഷപ്പിനെ കുറവിലങ്ങാട്ടെ നാട്കുന്ന് മഠത്തിലെത്തിച്ച് തെളിവെടുത്തിരുന്നു. പീഡനത്തിനിരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ഉള്ളവരെ ഇവിടെ നിന്ന് മാറ്റിയ ശേഷമായിരുന്നു തെളിവെടുപ്പ്.