ന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ രക്ഷപെടുത്തി. ഫ്രഞ്ച് യാനമായ ഓസിരിസാണ് അഭിലാഷിനെ രക്ഷപെടുത്തിയത്. ഇദ്ദേഹത്തെ മത്സ്യബന്ധനയാനത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സ്ട്രെക്ച്ചറുപയോഗിച്ചാണ് പായ്വഞ്ചിയില് നിന്ന് മാറ്റിയത്. അഭിലാഷ് സുരക്ഷിതനെന്ന് നാവികസേന അറിയിച്ചു. വിവരം നാവികസേന ട്വിറ്ററില്‍ പങ്കുവച്ചു. ഇന്ത്യന്‍ നാവികസേനയുടെ വിമാനവും മേഖലയിലുണ്ട്. അഭിലാഷിന് ചികിത്സ ലഭ്യമാക്കുകയാണ് അടിയന്തര നീക്കം. ഇതിനു മുന്നോടിയായി ആംസ്റ്റര്‍ ഡാം ദ്വീപിലേക്കാണ് കൊണ്ടു പോകുന്നത്.
Tomy rescued safely @nsitharaman @pmo @Australian_Navy @DefenceMinIndia @ggr2018official @SpokespersonMoD pic.twitter.com/G3z7mlLGu3
— SpokespersonNavy (@indiannavy) September 24, 2018
ഓസ്ട്രേലിയയും ഫ്രാന്‍സും ഇന്ത്യയും സംയുക്തമായാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്. മൗറീഷ്യസില്‍നിന്ന് പുറപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ പി8ഐ വിമാനം ഞായറാഴ്ച അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3000 കിലോമീറ്റര്‍ മാറിയായിരുന്നു പായ്വഞ്ചി. പ്രതികൂല കാലാവസ്ഥയായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ മുന്നില്ഡ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമായുണ്ടായിരുന്നത്. പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്.
ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് മത്സരം ആരംഭിച്ചത്. കനത്ത കാറ്റിലും തിരമാലയിലും പെട്ട് പായ്വഞ്ചി തകരുകയായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നത്. ആദ്യമായി പായ്വഞ്ചിയില് കടലിലൂടെ ലോകം ചുറ്റിയ സര് റോബിന് നോക്സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.