സിക്കിം: സിക്കിമിലെ ആദ്യ വിമാനത്താവളമായ പാക്യോങ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നൂറാമത് വിമാനത്താവളം കൂടിയാണിത്. സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലാണ് പാക്യോങ് വിമാനത്താവളം. 206 ഏക്കറിലായി പരന്നു കിടക്കുന്ന വിമാനത്താവളത്തില്‍ 1.7 കി.മീ നീളവും 30 മീറ്റര്‍ വീതിയുമുള്ള റണ്‍വേ ആണ് നിര്‍മിച്ചിരിക്കുന്നത്.
സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ നിന്നും 30 കിലോമീറ്ററും, ചൈനീസ് അതിര്‍ത്തിയിലേക്ക് 60 കിലോമീറ്ററുമാണ് ഇവിടെ നിന്ന് ദൂരം. പ്രധാന റണ്‍വേ 75 മീറ്റര്‍ നീട്ടുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ റണ്‍വേയില്‍ തന്നെ ഇറക്കാന്‍ സാധിക്കുമെന്നത് പ്രതിരോധ മേഖലക്കും കരുത്ത് പകരും.
605 കോടി ചെലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യാണ് വിമാനത്താവളം നിര്‍മിച്ചത്. 3000 സ്ക്വയര്‍ മീറ്റര്‍ ദൈര്‍ഘ്യമുള്ള ടെര്‍മിനല്‍ കെട്ടിടമാണ് വിമാനത്താവളത്തിനുള്ളത്. വിമാനമാര്‍ഗം സിക്കിമിലെത്താന്‍ പശ്ചിമബംഗാളിനെയായിരുന്നു ഇത് വരെ ആശ്രയിച്ചിരുന്നത്. 124 കിലോമീറ്റര്‍ മാറിയായിരുന്നു ഈ വിമാനത്താവളം.
Serene and splendid!
Clicked these pictures on the way to Sikkim. Enchanting and incredible! #IncredibleIndia pic.twitter.com/OWKcc93Sb1
— Narendra Modi (@narendramodi) September 23, 2018
പച്ചപ്പിനാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന വിമാനത്താവളം രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളിലൊന്നാണ്. എഞ്ചിനീയറിംഗ് വിസ്മയത്തിന്റെ മികവായാണ് ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമെന്ന പേരും ഇപ്പോള്‍ പാക്യോങിന് സ്വന്തമാണ്.
വിമാനത്താവളത്തിന്റെ വരവോടെ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുറഞ്ഞ ചെലവില്‍ ചെറു യാത്രകള്‍ക്കായി സ്പൈസ്ജെറ്റ് ഇതിനോടകം അനുമതി വാങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ നാല് മുതലായിരിക്കും വ്യാവസായിക അടിസ്ഥാനത്തിലുള്ള സര്‍വീസ് ഇവിടെ നിന്ന് ആരംഭിക്കുന്നത്.