കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പതിനാറു പ്രതികളെ ഉള്‍പ്പെടുത്തിയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിക്കുക. എറണാകുളം സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അഭിമന്യുവിനെ കുത്തിയത് പള്ളുരുത്തി സ്വദേശിയായ മുഹമ്മദ് ഷഹീം, സനീഷ് എന്നിവരാണെന്നു കുറ്റപത്രത്തില്‍ പറയുന്നു. അഭിമന്യുവിന്റെ മരണത്തിനിടയാക്കിയ നെഞ്ചിലെ മുറിവുണ്ടായത് മുഹമ്മദ് ഷഹീമിന്റെ ആക്രമണത്തിലാണെന്നും കുററപത്രത്തില്‍ പറയുന്നുണ്ട്. കൊലപാതകം, ഗൂഢാലോചന, സംഘം ചേരല്‍, മാരകായുധങ്ങള്‍ സൂക്ഷിക്കല്‍ എന്നീ കുററങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ കഴിഞ്ഞ ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. പത്തൊന്‍പത് പ്രതികള്‍ ഇതുവരെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായിട്ടുണ്ട.് അനുബന്ധ കുററപത്രത്തിലാകും ശേഷിക്കുന്ന പ്രതികള്‍ക്കെതിരായ വകുപ്പുകള്‍ വ്യക്തമാക്കുക. കൊലപാതകം നടന്നു 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത പക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തടയാനാകില്ലെന്നിരിക്കെയാണ് അടിയന്തരമായി അന്വേഷണസംഘം കുററപത്രം സമര്‍പ്പിക്കുന്നത്. ഇതുവരെ 9 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മുഹമ്മദ് ഷഹീം ഉള്‍പ്പെടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 7 പേര് കൂടി ഇനി പിടിയിലാകാനുണ്ട്.