തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള നടത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. ചലച്ചിത്രമേളക്കായി അക്കാദമിയും സാംസ്കാരിക വകുപ്പും പണം കണ്ടെത്തണം. സര്‍ക്കാര്‍ പണം ഇതിനായി ലഭിക്കില്ല. മേള ചെലവ് ചുരുക്കി നടത്തണമെന്നും നിര്‍ദേശമുണ്ട്. ഉദ്ഘാടനത്തിന്റെയും സമാപന സമ്മേളനത്തിന്റേയും പകിട്ട് കുറക്കണമെന്നും സമാപനച്ചടങ്ങ് പുരസ്കാര വിതരണം മാത്രമാക്കി ചുരുക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെലവ് ചുരുക്കിക്കൊണ്ട് മേള നടത്തുന്നതിന് സാംസ്കാരിക വകുപ്പ് നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നു. മന്ത്രി എ.കെ.ബാലന് ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കുകയും അദ്ദേഹം അനുമതി നല്‍കുകയും ചെയ്തതോടെയാണ് മേള ഇത്തവണയും മുടക്കം കൂടാതെ നടക്കും എന്നുറപ്പായത്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂള്‍ കലാ-കായിക-ശാസ്ത്ര മേളകളും ചലച്ചിത്ര മേളയും നടത്തേണ്ടതില്ല എന്ന് സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതോടെ ഇവയെല്ലാം ആഘോഷങ്ങളില്ലാതെ നടത്താമെന്ന് നിശ്ചയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നഷ്ടമാകാതിരിക്കാനാണ് ഇത്തരത്തില്‍ തീരുമാനത്തിന് മാറ്റം വരുത്തിയതെന്നും പിന്നീട് വിശദീകരണമുണ്ടായിരുന്നു.