തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള നടപ്പിത്തിനെച്ചൊല്ലി വീണ്ടും അനിശ്ചിതത്വം. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക അനുവദിച്ചില്ലെങ്കില്‍ മേള നടത്താന്‍ കഴിയില്ലെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന് പറഞ്ഞു. എത്ര ചെലവ് ചുരുക്കിയാലും മേള നടത്താന്‍ മൂന്ന് കോടിയെങ്കിലും വേണം. ഇതില്‍ രണ്ട് കോടി രൂപ കണ്ടെത്താന്‍ അക്കാദമിക്ക് സാധിക്കും. ബാക്കി ഒരു കോടി രൂപ പ്ലാന്‍ ഫണ്ടില്‍ നിന്ന് എടുക്കേണ്ടി വരും. ഇക്കാര്യത്തില്‍ വ്യക്തത തേടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ബാലന് പറഞ്ഞു.
ചെലവ് ചുരുക്കി മേള നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ പണം നല്‍കാതെ മേള നടത്താം എന്നാണ് മുഖ്യമന്ത്രി ചലച്ചിത്ര അക്കാദമിയെ അറിയിച്ചത്. ചലച്ചിത്ര മേളക്ക് വേണ്ടി അക്കാദമിയും സാംസ്കാരിക വകുപ്പും ചേര്‍ന്ന് പണം കണ്ടെത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.