തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ വെന്റിലേറ്ററില്‍ തുടരുന്നു. അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന് ബോധം തെളിയുമെന്നാണ് പ്രതീക്ഷ. നട്ടെല്ലിനും നാഡീവ്യവസ്ഥകള്ക്കും ഗുരുതര പരിക്കേറ്റ ബാലഭാസ്കറിനെ ഇന്നലെ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അതേസമയം അപകടത്തില്‍ മരിച്ച കുഞ്ഞ് തേജസ്വിനിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും ഇവിടെ ചികിത്സയിലുണ്ട്. ഇവര്‍ക്കും എല്ലുകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ലക്ഷ്മിയുടേയും ശസ്ത്രക്രിയ കഴിഞ്ഞു. ആന്തരിക രക്തസ്രാവമുണ്ടായിരുന്നത് ശസ്ത്രക്രിയയിലൂടെ പരിഹരിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ 4.30ന് കഴക്കൂട്ടം പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം നഷ്ടമായി മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ ഡ്രൈവര്‍ അര്‍ജുനും ഗുരുതര പരുക്കേറ്റിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.