ന്യൂഡൽഹി: തന്നെ രക്ഷപ്പെടുത്തിയവർക്ക് നന്ദി അറിയിച്ച് ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമി. നാവികനെന്ന നിലയിൽ ലഭിച്ച പരിശീലനവും തുഴച്ചിലിലുള്ള പ്രാവീണ്യമാണ് രക്ഷപ്പെടാൻ തുണയായതെന്നും അഭിലാഷ് ടോമി പ്രതികരിച്ചു. ആംസ്റ്റർഡാം ദ്വീപിലെ ചികിത്സയിൽ തുടരുന്ന അഭിലാഷ് ടോമിയുടെ ചിത്രം നാവികസേനയാണ് പുറത്തുവിട്ടത്.
അവിശ്വസനീയമായ വിധത്തിൽ കടൽ അശാന്തമായിരുന്നു. പ്രകൃതിയുടെ കരുത്തിനോട് പൊരുതിയാണ് താനും പായ് വഞ്ചിയും പിടിച്ചുനിന്നത്. പായ്വഞ്ചിയിൽ സഞ്ചരിച്ചുള്ള പരിചയവും നാവിക സേനയിൽ നിന്നും ലഭിച്ച വിദഗ്ദ്ധ പരിശീലനവുമാണ് പ്രതിസന്ധിയിൽ തുണയായത്.
ഇന്ത്യൻ നാവിക സേനയോടും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരോടും ഉള്ളു നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും അഭിലാഷ് ടോമി പറയുന്നു.
ന്യൂ ആംസ്റ്റർഡാം ദ്വീപിലെത്തിച്ച അഭിലാഷ് ടോമിയുടെ പരുക്ക് അതീവ ഗുരതരമല്ലെന്ന് എക്സ്റേ ഫലത്തിൽ വ്യക്തമായിട്ടുണ്ട്. ഇന്ത്യൻ നാവിക കപ്പലായ ഐഎൻഎസ് സത്പുര വെള്ളിയാഴ്ചയോടെ ദ്വീപിലെത്തും. തുടർന്ന് അഭിലാഷിനെ മൗറീഷ്യസിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകനാണ് തീരുമാനം.