ദുബായ്: സന്ദർശകരുടെ പ്രിയപ്പെട്ട നഗരങ്ങളുടെ ആദ്യ സ്ഥാനങ്ങളിൽ ദുബായ് വീണ്ടും സ്ഥാനം പിടിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന നാലാമത്തെ നഗരമാണ് ദുബായ്.
ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന നഗരങ്ങളുടെ കണക്കെടുപ്പിൽ തുടർച്ചായി നാലാം വർഷവും ദുബായ് നാലാം സ്ഥാനം നിലനിർത്തി. സന്ദർശകർ ഏറ്റവും കൂടുതൽ ദിവസങ്ങൾ തങ്ങുന്ന ലോകത്തിലെ നഗരങ്ങളിൽ ഒന്നാം സ്ഥാനവും ദുബായ് ക്കാണ്. കഴിഞ്ഞ വർഷം ഒന്നരക്കോടിക്ക് മേൽ സന്ദർശകരാണ് ദുബായിൽ ഒന്നിലധികം ദിവസങ്ങൾ താമസിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് അഞ്ചര ശതമാനത്തിനു മേൽ വർധനയാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായത്.
മാസ്റ്റർ കാർഡ് ഗ്ലോബൽ ഡെസ്റ്റിനേഷൻ സിറ്റീസ് സൂചികയാണ് പുതിയ കണക്കുകൾ പുറത്തു വിട്ടത്. മികച്ച രാജ്യാന്തര യാത്രാ സൗകര്യം, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നടത്തിയ പ്രചാരണ പരിപാടികൾ, സന്ദർശകർക്കുള്ള വിസ ഓൺ അറൈവൽ സംവിധാനം, യുഎഇയിലും പ്രത്യേകിച്ച് ദുബായിലും വർധിച്ചു വരുന്ന നിക്ഷേപ സൗഹൃദ അന്തരീക്ഷം , വിവിധ രാജ്യങ്ങളുടെ വിനോദ സഞ്ചാര വകുപ്പുകളുമായുള്ള നല്ല ബന്ധം എന്നിവയാണ് ദുബായിയെ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമാക്കി നിലനിർത്തുന്നത് എന്നും പഠനം സൂചിപ്പിക്കുന്നു.
മധ്യപൂർവ ദേശവും, ആഫ്രിക്കയും ഉൾപ്പെട്ട ഇടങ്ങളിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ അബുദാബിയും സ്ഥാനം പിടിച്ചിട്ടുണ്ട്.