തിരുവനന്തപുരം: ബ്രൂവറി അനുവദിച്ചതില്‍ പുതിയ ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രയില്‍ പവര്‍ ഇന്‍ഫ്രാടെകിന് ഭൂമി അനുവദിച്ചതിന് പിന്നില്‍ ഒരു ഉന്നത നേതാവിന്റെ മകന് പങ്കുണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു പദ്ധതിയുടെ മാനേജര്‍ ഇയാള്‍ തന്നെയാണെന്നും ചെന്നിത്തല ആരോപിച്ചു.
ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി കൊടുത്ത ശ്രീചക്ര എന്ന കമ്പനി 1998ലും അപേക്ഷ നല്‍കിയിരുന്നു. 1999ല്‍ നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ ഈ കമ്പനിയും ഉണ്ടായിരുന്നു. അന്ന് ഹൈക്കോടതിയില്‍ പോയെങ്കിലും അനുമതി കിട്ടിയില്ല. ആ കമ്പനിക്ക് ഇപ്പോള്‍ എങ്ങനെ അനുമതി കിട്ടിയെന്ന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും ചെന്നിത്തല പറഞ്ഞു.
ബ്രൂവറികള്‍ അനുവദിച്ചതിന് പിന്നില്‍ നടന്ന ഗൂഢാലോചനയെപ്പറ്റി സമഗ്ര അന്വേഷണം വേണം. സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ട് അവര്‍ തയാറാകുന്നില്ല. അത് കൊണ്ട് ഗവര്‍ണറെ സന്ദര്‍ശിച്ചെന്നും അദ്ദേഹത്തിന്റെ അനുമതി നേടിയെടുത്ത് നിയമ നടപടികളിലേക്ക് കടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.