കോട്ടയം: ബിഷപ്പിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തു. ഐപിസി 509 അനുസരിച്ചാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വേശ്യയെന്ന് അധിക്ഷേപിച്ചതിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു.
കോട്ടയം പ്രസ് ക്ലബ്ബില്‍വച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി സി ജോര്‍ജ് പരാതിക്കാരിയായ കന്യാസ്ത്രീയെ അധിക്ഷേപിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. പന്ത്രണ്ട് പ്രാവശ്യം പീഡനത്തിന് ഇരയായിട്ടും പതിമൂന്നാമത്തെ തവണ മാത്രം എങ്ങനെ ബലാത്സംഗമായി മാറി എന്ന് ചോദിച്ച പി സി ജോര്‍ജ് കന്യാസ്ത്രീയെ വേശ്യ എന്ന് വിളിക്കാതിരിക്കാനാവില്ല എന്നും പറഞ്ഞിരുന്നു.
ഇതിനെതിരെയാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. ഐപിസി 509 അനുസരിച്ചാണ് കുറവിലങ്ങാട് പൊലീസ് ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് സ്ത്രീത്വത്തെ അപമാനിക്കല്‍. പരാതിക്കാരിയെ പിന്തുണച്ച് സമരം നടത്തിയ കന്യാസ്ത്രീമാരെയും പി സി ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. സമരം ചെയ്ത കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
സംഭവത്തില്‍ ജോര്‍ജിനെതിരെ വലിയ പ്രതിഷേധമുയരുകയും ദേശീയ വനിതാ കമ്മീഷന് അടക്കം വിഷയത്തിലടപെടുകയും ചെയ്തിരുന്നു.