തിരുവനന്തപുരം: ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തുന്ന ശബരിമലയോട് സംസ്ഥാന സര്‍ക്കാരിന് ഉദാസീന മനോഭാവമാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ വേണ്ട സൗകര്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ നിര്‍ദ്ദേശം കൊടുക്കുന്ന മുഖ്യമന്ത്രി പ്രളയത്തില്‍ നശിച്ച പമ്പാതീരം പുനര്‍ നിര്‍മ്മാണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. പമ്പയുടെ പുനര്‍നിര്‍മ്മാണം ദേവസ്വംബോര്‍ഡിന്റെ തലയില്‍ കെട്ടിവച്ചിട്ട് തലയൂരാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
തീര്ത്ഥാടനകാലത്തേക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി പമ്പ സന്ദര്‍ശിക്കണം. പമ്പയുടെ അവസ്ഥ അതിദയനീയമായി തുടരുകയാണ്. പ്രളയത്തിനുശേഷം തിടുക്കത്തില്‍ ഒരു മന്ത്രിപോയി നോക്കി പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ടാറ്റ കണ്‍സല്‍ട്ടന്‍സിയുടെ മണ്ണ് മാറ്റുന്ന പണിമാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ബാലയോഗി ലോക്സഭാ സ്പീക്കറായിരുന്നപ്പോള്‍ കേന്ദ്രം നിയോഗിച്ച താനുള്‍പ്പെട്ട അഞ്ചംഗ കമ്മറ്റി പഠനം നടത്തി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കണം.
കോടിക്കണക്കിന് രൂപ സര്‍ക്കാരിന് വരുമാനം നല്കുന്ന അയ്യപ്പഭക്തരോട് സര്‍ക്കാര്‍ അവഗണന കാണിക്കരുത്. ശബരിമലയില്‍ വരണോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണെന്നും രാജഗോപാല്‍ പറഞ്ഞു. പമ്പയില്‍ സന്ദര്‍ശനം നടത്തിയശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം