തിരുവനന്തപുരം: വാഹനാപകടത്തില്‍ പെട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റ ബാലഭാസ്കറിനെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തില്‍ പെടുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാല മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജ്ജുനും ഗുരുതര പരിക്കേറ്റിരുന്നു. ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
അര്ജുന് ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്കറും മകളും മുന്‍സീറ്റിലായിരുന്നു. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപമായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.