കണ്ണൂര്‍: കണ്ണൂര്‍ വാരത്തെ കെ.എസ് ഡിസ്റ്റിലറി ബിയര്‍ നിര്‍മ്മാണത്തിന് അനുമതി നേടിയത് സി.പി.എം പിന്തുണയോടെയാണെന്ന ആരോപണം ശക്തമാകുന്നു. കെ.എസ് ഡിസ്റ്റിലറി ഉടമയും സി.പി.എം നേതാക്കളും തമ്മിലുള്ള ബന്ധമാണ് ഏറ്റവുമൊടുവില്‍ അപേക്ഷ നല്‍കിയിട്ടും ഏറ്റവും ആദ്യം അനുമതി ലഭിക്കാന്‍ കാരണമെന്നാണ് വിമര്‍ശനം.
കല്ലാളം ശ്രീധരന്റെ ഉടമസ്ഥതയിലാണ് കെ.എസ് ഡിസ്റ്റിലറി കണ്ണൂര്‍ വാരത്ത് പ്രവര്‍ത്തിക്കുന്നത്. ഇവിടെത്തന്നെയാണ് ബ്രൂവറിക്കും ഇടത് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 2005ല്‍ ഈ ഡിസ്റ്റിലറിയില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം നടത്തി സ്ഥാപനം പൂട്ടിച്ചിരുന്നു.
ആദ്യം സമരരംഗത്ത് ശക്തമായി നിലകൊണ്ട സി.ഐ.ടി.യു പിന്നീട് നിലപാട് മാറ്റിയതിനെത്തുടര്‍ന്ന് തൊഴിലാളി സമരം പരാജയപ്പെട്ടു. അന്ന് തൊട്ട് കണ്ണൂരിലെ സി.പി.എം നേതൃത്വത്തിന് വ്യവസായിയുമായുള്ള ബന്ധമാണ് ബ്രൂവറി അനുമതി പെട്ടെന്ന് ലഭിക്കാന്‍ കാരണമെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ അപേക്ഷ നല്‍കിയിട്ടും ഏറ്റവും ആദ്യം അനുമതി ലഭിച്ചത് സി.പി.എം ഇടപെട്ടത് കൊണ്ട് മാത്രമാണെന്നാണ് വിമര്‍ശനം. ബ്രൂവറിക്ക് അനുമതി നല്‍കിയത് വിവാദമായതോടെ വരും ദിവസങ്ങളില്‍ ഇക്കാര്യം സി.പി.എമ്മിലും ചര്‍ച്ചയായേക്കും. പ്രതിമാസം അഞ്ച് ലക്ഷം കേസ് ബിയര്‍ ഉത്പാദിപ്പിക്കാനുള്ള അനുമതിയാണ് സര്‍ക്കാര്‍ കെ.എസ്.ഡിസ്റ്റിലറിക്ക് നല്‍കിയിരിക്കുന്നത്.