തിരുവനന്തപുരം: ബ്രൂവറിയില്‍ വിശദീകരണവുമായി എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. ബ്രൂവറിക്ക് അനുമതി നല്കി എന്നതിനര്‍ത്ഥം ലൈസന്‍സ് നല്കി എന്നല്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ വരുമാനവും തൊഴില്‍ സാധ്യതയും മാത്രമാണ് ആലോചിച്ചത്. വി.എസ്.അച്യുതാനന്ദന് ഉന്നയിച്ച ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂഗര്‍ഭ ജലത്തിന്റെ സാധ്യത ഉള്‍പ്പെടെ പരിശോധിച്ച ശേഷമേ ലൈസന്‍സ് നല്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും, സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും മന്ത്രി പറഞ്ഞു.
നയത്തില്‍ മാറ്റമില്ലാത്തതിനാല്‍ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയത് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു. നിലവിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് സമര്‍ഥനാണ്. കിന്‍ഫ്രയില്‍ വ്യവസായം നടത്താന്‍ ഭൂമി അനുവദിക്കുന്നത് സാധാരണ നടപടിക്രമമാണെന്നും എ.കെ.ബാലന് പറഞ്ഞു.