കൊച്ചി: സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലിയർപ്പിച്ച് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ തമ്പി കണ്ണന്താനത്തെ അനുസ്മരിച്ചത്.
എന്നെ ‘രാജാവിന്റെ മകൻ’ എന്ന് ആദ്യം വിളിച്ചയാൾ. എന്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നിൽ നിർത്തി അഭിനയത്തിന്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകൻ… പ്രിയപ്പെട്ട തമ്പി കണ്ണന്താനം… കണ്ണീരോടെ വിട!. മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാൽ തമ്പി കണ്ണന്താനം കൂട്ടുകെട്ടിൽ പിറന്ന ഒട്ടുമിക്ക സിനിമകളും ബോക്സ് ഓഫീസിൽ വമ്പൻഹിറ്റായിരുന്നു. രാജാവിന്റെ മകൻ, ഒന്നാമൻ, മാന്ത്രികം, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ ഇവയെല്ലാം ഹിറ്റുകളായിരുന്നു.
മോഹൻലാലിന്റെ മകൻ പ്രണവ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത് ഒന്നാമനിലൂടെയായിരുന്നു.
ഇന്ന് രാവിലെയായിരുന്നു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ തമ്പി കണ്ണന്താനം അന്തരിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലായിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.