കുവൈറ്റ് സിറ്റി : വിഷയത്തില്‍ ബിജെപി വിശ്വാസികളോടൊപ്പമാണ്. തന്ത്രിമാരും വിശ്വാസി ശ്രേഷ്ഠരും ഹിന്ദുസംഘടനകളുമായും ചേര്‍ന്ന് വിശ്വാസം സംരക്ഷിക്കുന്നതിനായി കലവറയില്ലാത്ത പിന്തുണ ഭാരതീയ ജനതാപാര്‍ട്ടി നല്‍കുമെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ഭാരതീയ പ്രവാസി പരിഷത് കുവൈറ്റില്‍ സംഘടിപ്പിച്ച പ്രവാസിമഹോത്സവത്തില് മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ 50 വര്‍ഷങ്ങളായി നിരീശ്വരവാദമെന്ന് ആശയത്തിലധിഷ്ഠിതമായി ശബരിമലയെ തകര്‍ക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചുവരികയാണ്. സുപ്രീംകോടതി വിധിയെ മുന്‍നിര്‍ത്തി ഭക്തന്റെ വിശ്വാസത്തെ അടിച്ചമര്‍ത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഈ നടപടികള്‍ക്കെതിരെ ജീവന്മരണ പോരാട്ടം നടത്തുമെന്ന് ബിജെപി പ്രസിഡന്റ് പറഞ്ഞു.
ക്ഷേത്രസംരക്ഷണ സമിതി, അയ്യപ്പസേവാ സമാജം, എന്‍.എന്‍.എസ്.എസ്. തുടങ്ങിയ സംഘടനകള്‍ റിവ്യൂ ഹര്‍ജിയുമായി മുന്നോട്ട് പോകുകയാണ്. അതിനുള്ള വിധിക്ക് പോലും കാത്തുനില്‍ക്കാതെ വനിതാ പോലീസിനെ സന്നിധാനത്തില്‍ വിന്യസിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ന്യായീകരിക്കാനാകുന്നതല്ല. സംസ്ഥാന നേതൃയോഗത്തിനുശേഷം വിഷയം വിലയിരുത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനാണ് ബിജെപിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ പ്രവാസി പരിഷത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രസിഡന്റ് സുമോദ്, ഓര്‍ഗനൈസിംഗ് സെക്ട്രറി വിജയരാഘവന്, സെക്രട്ടറി നാരായണന് ഒതയോത്, വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.