സത്യമപ്രിയം

ആദ്യം ആദിവാസിഭൂമി മടക്കി നല്‍കട്ടെ; പിന്നെ ശബരിമല

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

ശബരിമലയില്‍ ഓര്‍മ്മകള്‍ക്കപ്പുറമുള്ള കാലം മുതല്‍ പത്തിനും 50 നും ഇടയിലുള്ള സ്ത്രീകള്‍ ദര്‍ശനത്തിന് എത്താറുണ്ടായിരുന്നില്ല. വിശ്വാസത്തിന്റെയും പ്രാണപ്രതിഷ്ഠാ സങ്കല്പത്തിന്റെയും അടിസ്ഥാനത്തിലുള്ള ഈ ആചാരത്തിന് യുക്തിയുടെ പിന്‍ബലത്തേക്കാള്‍ വിശ്വാസത്തിന്റെ അടിത്തറയാണ് കരുത്ത് നല്‍കിയിരുന്നത്. നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കല്പത്തിലുള്ള പ്രതിഷ്ഠ ശബരിമല അയ്യപ്പന്റേതല്ലാതെ വേറെ എവിടെയും ഇല്ല. അതുതന്നെയാണ് അയ്യപ്പസങ്കല്പത്തെ തികച്ചും അപൂര്‍വ്വവും അമൂര്‍ത്തവും ആക്കുന്നത്.

വിശ്വാസികള്‍ സ്വന്തം മനസ്സിനെ പാറപോലെ ഉറപ്പിച്ച വ്രതനിഷ്ഠയുടെ ശിലാശൈലത്തിലാണ് ശബരിമല അയ്യപ്പന്‍ ചിന്മുദ്രയുടെ തന്മയീഭാവമായി അനുഗ്രഹദായിയായി നിലകൊള്ളുന്നത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും സാന്ദ്രമായ സച്ചിദാനന്ദ ലഹരിയിലല്ല ശബരിമലയില്‍ യുവതീപ്രവേശനം ആവശ്യപ്പെട്ട് ചിലര്‍ കോടതിയില്‍ എത്തിയത്. കോടതിയില്‍ എത്തിയവരാകട്ടെ വിശ്വാസികളായിരുന്നില്ല. അവര്‍ക്ക് സ്ത്രീത്വത്തിന്റെ, സ്ത്രീസ്വാതന്ത്ര്യത്തിന്റെ ഒരു നിയന്ത്രിത അടയാളമെന്ന നിലയില്‍ മാത്രമാണ് ശബരിമലയെ കാണുന്നത്. ആസക്തിയുടെയും ഉന്മാദത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യത്തിന്റെയും ഉന്മത്തലഹരിയില്‍ കൊടുങ്കാട്ടില്‍ വിഹരിക്കാനുള്ള ഒരു അവസരം എന്ന നിലയില്‍ മാത്രമാണ് അവര്‍ ശബരിമലയെ കാണുന്നത്. വിശ്വാസത്തിനപ്പുറം സ്ത്രീയുടെ തുല്യതയുടെയും സ്വാതന്ത്ര്യത്തിന്റെയും വിഷയം എന്ന നിലയില്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ എന്നും ശബരിമലയെ നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്ന ആസുരിക ശക്തികള്‍ക്കൊപ്പം നിലപാടെടുത്തവര്‍ക്ക് കഴിഞ്ഞു.

ശബരിമലയെ ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി കാണുന്ന ഒരു വിശ്വാസി സമൂഹം കേരളത്തിലുണ്ട്. അവരുടെ ജീവരക്തത്തിലാണ് ഇന്നും ശബരിമല നിലകൊള്ളുന്നത്. തൊട്ടുകൂടായ്മയും ജാതിവ്യത്യാസങ്ങളും നിലനിന്നിരുന്ന അഭിശപ്ത കാലഘട്ടത്തില്‍ പോലും ജാതിക്കതീതമായി ഹിന്ദുക്കള്‍ ഒന്നാണെന്നും സമസ്ത ചരാചരങ്ങളിലും ജീവപ്രകാശമായി നിലനില്‍ക്കുന്ന ചിരന്തന സത്യസ്വരൂപം ഒന്നാണെന്നും ബോദ്ധ്യപ്പെടുത്തിയത് ശബരിമലയായിരുന്നു. ഏകോദരസഹാദരങ്ങളെപ്പോലെ വര്‍ണ്ണാവര്‍ണ്ണ വ്യത്യാസമില്ലാതെ എല്ലാ ഹി്ന്ദുക്കളും ശബരീശ സന്നിധിയിലെത്തി.

1950 കളില്‍ ശബരിമലക്ഷേത്രം ക്രൈസ്തവ പ്രമാണിമാരുടെ നേതൃത്വത്തില്‍ തീയിട്ട് നശിപ്പിച്ചപ്പോഴും അയ്യപ്പന്റെ പൂങ്കാവനത്തില്‍ കള്ളക്കഥയുണ്ടാക്കി, കുരിശിട്ട് പള്ളി പണിയാന്‍ ശ്രമിച്ചപ്പോഴും ഒക്കെ പ്രചോദനം ഒന്നുമാത്രമായിരുന്നു. ശബരിമലയെ നശിപ്പിക്കുക, മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടുക, ഹിന്ദു ഏകീകരണം തടയുക, കന്യാകുമാരി മുതല്‍ വിന്ധ്യാചലം വരെയുള്ള ഹിന്ദുക്കള്‍ സംഘടിതമായി തീര്‍ത്ഥാടനത്തിന് എത്തുന്നത് ഇല്ലാതാക്കുക എന്നിവയായിരുന്നു ഇതിന്റെയൊക്കെ ലക്ഷ്യം. ശബരിമല തീവെയ്പ് കേസ് അന്വേഷിച്ച അന്നത്തെ ഡി ഐ ജി കേശവമേനോന്‍ ശബരിമലയ്ക്ക് എതിരായ ഈ നീക്കങ്ങളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും അടിവരയിട്ടു പറഞ്ഞിട്ടുണ്ട്.

പക്ഷേ, ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നു പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി സി കേശവനോ പിന്നീട് വന്നവരോ കേശവമേനോന്റെ ശുപാര്‍ശയനുസരിച്ച് അന്വേഷണം നടത്താനോ തുടര്‍നടപടിക്കോ സന്നദ്ധരായില്ല. കാരണം അത് വോട്ടുബാങ്കായിരുന്നു. വോട്ടുബാങ്കായ സംഘടിത ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങളെ തൊ്ട്ടുകളിക്കാനുള്ള ധൈര്യം കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനും ഇല്ല. നിലയ്ക്കലില്‍ കണ്ടെത്തിയ കല്‍ക്കുരിശ് സെന്റ് തോമസ് കൊണ്ടുവന്നതാണെന്നും അതിന് സംസ്ഥാന പുരാരേഖാ വകുപ്പില്‍ തെളിവുണ്ടെന്നും പറഞ്ഞ അന്നത്തെ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ഇന്ന് കേരള രാഷ്ട്രീയത്തില്‍ ്അപ്രസക്തനായിക്കഴിഞ്ഞു. ശബരിമല അയ്യപ്പനെതിരെ കളിച്ച കളികള്‍ക്ക് പിന്നെ ദശാബ്ദങ്ങളോളം പിള്ള കണക്കു പറഞ്ഞു. ഇത് ഇന്ന് ശബരിമലയെ തകര്‍ക്കാന്‍ ഒരുങ്ങുന്ന എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുള്ള മുന്നറിയിപ്പാണ്.

ഇന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് വാശി പിടിക്കുകയും അതിനുവേണ്ടി ഒരുക്കം നടത്തുകയും സ്വരുക്കൂട്ടുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നീതികേടിനാണ് കൂട്ടുനില്‍ക്കുന്നത്. സുപ്രീംകോടതി വിധിച്ചിട്ടും നടപ്പിലാക്കാതെ പോയ എത്ര കാര്യങ്ങള്‍ ഈ കേരളത്തില്‍ തന്നെയുണ്ട്. ആദിവാസികളുടെ ഭൂമി കയ്യേറിയവരില്‍ നിന്ന് വീണ്ടെടുത്ത് തിരിച്ചുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ട് എത്ര വര്‍ഷങ്ങളായി. പാവപ്പെട്ട ആദിവാസികള്‍ക്കുവേണ്ടി ഇക്കാര്യം ഉന്നയിച്ച് കോടതി കയറിയ ഡോ. നല്ലതമ്പി തേര മരിച്ചിട്ട് വര്‍ഷങ്ങളായി. സി കെ ജാനു മുതല്‍ വയനാട് എം എല്‍ ഏ ശശീന്ദ്രന്‍ വരെ ഈ ആവശ്യം ഉയര്‍ത്തിയിട്ടും എന്തുകൊണ്ടാണ് ഇത്രകാലമായിട്ടും സുപ്രീംകോടതി വിധി നടപ്പിലാക്കാത്തത്. അതേസമയം ആദിവാസികള്‍ക്ക് ഭൂമി വിട്ടുകൊടുക്കുന്നത് തടയാന്‍ പ്രത്യേക നിയമം കൊണ്ടുവന്നതിന് ചുക്കാന്‍ പിടിച്ചത് ക്രൈസ്തവ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം കീറിയും മുറിഞ്ഞും ഇണങ്ങിയും പിണങ്ങിയും ഏത് മുന്നണി വന്നാലും അധികാരത്തിലുണ്ടാകുന്ന കെ. എം. മാണിയായിരുന്നു.

ആദിവാസികളുടെ ഭൂമി പുകയിലയും കള്ളും കൊടുത്ത് കയ്യടക്കിയവരില്‍ നിന്ന് തിരിച്ചെടുക്കാനുള്ള ആര്‍ജ്ജവം സുപ്രീംകോടതി വിധി ഉണ്ടായിട്ടും ഇടതുമുന്നണിക്കും വലതുമുന്നണിക്കും ഉണ്ടായില്ല. കോടതിവിധിയ്‌ക്കെതിരെ നിയമനിര്‍മ്മാണം കൊണ്ടുവരികയും ചെയ്തു. ആരെ സംരക്ഷിക്കാനാണ് ഇടതുമുന്നണിയും വലതുമുന്നണിയും ചേര്‍ന്ന് ഈ നിയമനിര്‍മ്മാണം കൊണ്ടുവന്നതെന്ന് ഇനിയെങ്കിലും പറയാന്‍ കഴിയുമോ? സുപ്രീംകോടതി വിധി പരിപാവനവും ചോദ്യം ചെയ്യപ്പെടാന്‍ ആകാത്തതുമാണെങ്കില്‍ എന്തിനാണ് മുന്നണിവ്യത്യാസം ഇല്ലാതെ നിയമഭേദഗതി കൊണ്ടുവന്നത്. ശബരിമലയുടെ കാര്യത്തില്‍ ഇപ്പോള്‍ വാശിപിടിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ആദിവാസികളുടെ കാര്യത്തില്‍ കോടതിവിധി നടപ്പിലാക്കാന്‍ വാശിപിടിച്ചില്ല? കേരളത്തില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകും എന്നുപറഞ്ഞാണ് ആദിവാസികളുടെ ഭൂമി വീണ്ടെടുക്കാതിരിക്കാന്‍ ഇരു മുന്നണികളും കോടതി വിധി ലംഘിച്ചത്. അത് എന്തുകൊണ്ട് ശബരിമലയ്ക്ക് ബാധകമാകുന്നില്ല?

ദേശീയ സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ മദ്യവില്പനശാലകളും 2017 മാര്‍ച്ച് 31 നകം പൂട്ടാന്‍ 2016 ഡിസംബര്‍ 16 ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എല്‍. നാഗേശ്വരറാവു എന്നിവരടങ്ങിയ ബഞ്ചാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. പക്ഷേ, ഈ വിധി ഇതുവരെ കേരളത്തില്‍ നടപ്പാക്കിയോ? നിരോധനം ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും ബാധകമല്ലെന്ന അഭിഭാഷകന്റെ ഉപദേശം തട്ടിക്കൂട്ടി കോടതിവിധി മറികടക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാതര്‍ക്ക കേസില്‍ 1934 ലെ സഭാ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണമെന്നാണ് 2017 ജൂലൈ മൂന്നിന് സുപ്രീം കോടതി വിധിച്ചത്. 1893 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ട്രാവന്‍കൂര്‍ കൊച്ചിന്‍ ഗസറ്റിയറില്‍ അനാദികാലം മുതലേ ശബരിമലയില്‍ പത്തിനും 50 നും ഇടയിലുള്ള സ്ത്രീകള്‍ പ്രവേശിക്കാറില്ലെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മലങ്കര സഭയ്ക്ക് സഭാ ഭരണഘടനയനുസരിച്ച് പോകാം. ഹിന്ദുക്കള്‍ക്ക് പാരമ്പര്യവും അനുഷ്ഠാന ആചാരങ്ങളും ബാധകമല്ലെന്ന് പറയുന്നതിന്റെ യുക്തിയെന്താണ്?

ഹിന്ദുത്വം സ്ത്രീകളെ തുല്യരായി കാണുന്നതാണ്. അര്‍ദ്ധനാരീശ്വര സങ്കല്പവും ‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ’ സ്ത്രീകള്‍ എവിടെ പൂജിക്കപ്പെടുന്നു അവിടെ ദേവതകള്‍ സന്തോഷിക്കുന്നു എന്ന വചനവും ഒക്കെ സ്ത്രീത്വത്തെ തുല്യരായി കാണുന്നതു തന്നെയാണ്. പക്ഷേ, ഓരോ സ്ത്രീക്കും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ആചാരങ്ങള്‍ എല്ലാകാലത്തും ഉണ്ടായിരുന്നു. അത് ധാര്‍മ്മികതയുടെയും ധര്‍മ്മത്തിന്റെയും അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നു. അതിന് സംസ്‌കാരത്തിന്റെ പിന്‍ബലമുണ്ടായിരുന്നു. അതിജീവനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉള്‍ക്കരുത്ത് ഉണ്ടായിരുന്നു. നിയമസംഹിതയുടെയും പാശ്ചാത്യസംസ്‌കാരത്തിന്റെയും അളവുകോലില്‍ അളക്കാന്‍ കഴിയുന്നതല്ല മൂല്യങ്ങളുടെ ചൈതന്യവര്‍ത്തിയായ, കാലാതിവര്‍ത്തിയായ ആ ജീവിതധാര. അത് കാലാതീതമാണ്.

അമ്മയും പെങ്ങളും സ്ത്രീയാണെന്നതുകൊണ്ട് എല്ലാ സ്ത്രീകളെയും കാണുന്നതുപോലെ തുല്യരായി കാണാനും കല്യാണം ആലോചിക്കാനും കഴിയില്ലല്ലോ. തുല്യതയ്ക്ക് അപ്പുറമുള്ള ആ അളവുകോല്‍ സംസ്‌കാരത്തിന്റെ മാനബിന്ദുക്കളുടേതാണ്. അത് മനസ്സിലാക്കുന്നതില്‍ വേണ്ടപ്പെട്ടവര്‍ പരാജയപ്പെട്ടിടത്താണ് ശബരിമലയില്‍ സ്ത്രീകള്‍ തുല്യരാണെന്ന വിധിന്യായം ഉണ്ടാകുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തിലുള്ള ദേവന് ഹിതകരമല്ലാത്തത് ചെയ്യാന്‍ വിശ്വാസി സമൂഹത്തിന് കഴിയില്ല. ദേവഹിതം പരിശോധിക്കുന്നത് ദേവപ്രശ്‌നത്തിലൂടെയാണ്. അതിന് പരമ്പരാഗതമായ, നിയതമായ വഴികളുണ്ട്. വേണ്ടിടത്തും വേണ്ടാത്തിടത്തും ഒരേ രീതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കോ നീതിപീഠങ്ങള്‍ക്കോ കഴിയുമോ? അങ്ങനെയുണ്ടെങ്കില്‍ എല്ലാ പൗരരും തുല്യരാണെന്ന ഏക സിവില്‍ നിയമം കൊണ്ടുവരട്ടെ. ആദിവാസികളുടെ ഭൂമി കോടതിവിധിയനുസരിച്ച് വീണ്ടെടുത്ത് മടക്കി നല്‍കട്ടെ.

1K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close