ഒഡീഷ: ആന്ധ ഒഡീഷ തീരത്ത് വീശിയടിച്ച തിത്ലി ചുഴലിക്കാറ്റില്‍ രണ്ട് പേര് മരിച്ചു. ആന്ധ്രപ്രദേശിലാണ് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഡീഷയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 879 ദുരിതാശ്വാസ ക്യാമ്പുകളും മേഖലയില്‍ തുറന്നിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റില്‍ ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. അന്ധ്രയിലെ ശ്രീകാകുളത്തും ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലുമാണ് കൂടുതല്‍ നാശനഷ്ടം. ഒഡീഷയിലെ ഗോപാല്‍പൂരില്‍ മണിക്കൂറില്‍ 150 കിമി വേഗത്തിലാണ് കാറ്റ് വീശുന്നത്. ഒഡീഷയിലെ 18 ജില്ലകളില്‍ ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
3 ലക്ഷത്തിലധികം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പലയിടത്തും വൈദ്യുത ബന്ധം താറുമാറായി. ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. ഒഡീഷയുടെ തെക്കുകിഴക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 165 കിമി വരെ ആകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി നല്കി. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.