ന്യൂഡല്‍ഹി: ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ മുസ്ലിം പള്ളി നിര്‍മിക്കുന്നതിനായി പാകിസ്ഥാന് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബ പണം നല്‍കിയതായി എന്‍ഐഎ. ഉത്തവാര്‍ ഗ്രാമത്തിലെ ഖുലാഫ-ഇ-റെഷിദീന് പള്ളി നിര്‍മിക്കുന്നതിനായി ഹാഫിസ് സെയ്ദിന്റെ നേതൃത്വത്തിലുള്ള ഈ സംഘടന പണം നല്‍കിയതായാണ് കണ്ടെത്തല്‍.
ഭീകരരില്‍ നിന്ന് പണം കൈപ്പറ്റിയ കേസില്‍ സല്മാന്, മുഹമ്മദ് സലിം, സജ്ജാദ് അബ്ദുല്‍ വാനി എന്നിവരെ കഴിഞ്ഞ സെപ്തംബര്‍ 26ന് അറസ്റ്റ് ചെയ്തിരുന്നു. ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്കറിന്റെ ഘടക സംഘടനകളായ ഫല-ഇ-ഇന്‍സാനിയത് ഫൗണ്ടേഷന്, ഹാഫിസ് സെയ്ദിന്റെ ജമ- അത്-ഉദ്ദവ എന്നിവരില്‍ നിന്നാണ് പണം സ്വീകരിച്ചത്.
ഉത്തവാറിലെ പള്ളി നിര്‍മിക്കുന്നതിന് വേണ്ടി 70 ലക്ഷം രൂപയാണ് ഫല-ഇ-ഇന്‍സാനിയത്ത് നല്‍കിയത്. ഈ പണം ഏതൊക്കെ രീതിയില്‍ ചെലവഴിച്ചിട്ടുണ്ടെന്നും, ആരില്‍ നിന്നൊക്കെ പള്ളി നിര്‍മാണത്തിനായി പണം സ്വീകരിച്ചു എന്നുള്ള കാര്യങ്ങളെല്ലാം അന്വേഷിച്ച് വരികയാണെന്ന് എന്‍ഐഎ അറിയിച്ചു.
പള്ളി നിര്‍മിക്കുന്നതിനായി ഗ്രാമവാസികള്‍ സ്വന്തം നിലക്കാണ് 10 ഏക്കര്‍ സ്ഥലം കണ്ടെത്തി നല്‍കിയത്. എന്നാല്‍ പള്ളി നിര്‍മിക്കാനാവശ്യമായ പണം എവിടെ നിന്നാണെന്ന് ഗ്രാമവാസികള്‍ക്ക് ധാരണ ഉണ്ടായിരുന്നില്ല. സല്മാന് സ്വന്തം കയ്യില്‍ നിന്ന് നല്‍കുന്നതാണെന്നായിരുന്നു ഗ്രാമവാസികള്‍ വിശ്വസിച്ചിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി.