അടുത്തമാസം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടികളിൽ ശ്രീ ശ്രീ രവിശങ്കർ പങ്കെടുക്കും. അൺവെയിലിങ് ഇൻഫിനിറ്റി എന്ന പേരിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.ധ്യാന പരിശീലനം, യോഗ എന്നിവയുൾപ്പടെയുള്ള പരിപാടികളാണ് അടുത്തമാസം 16,17 തീയതികളിൽ ശ്രീ ശ്രീ രവിശങ്കറിന്റെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മൂന്നു സെഷനുകളിൽ ശ്രീ ശ്രീ രവിശങ്കർ നേരിട്ട് യോഗ പരിശീലനം, ശ്വസന ക്രിയ, ധ്യാന പരിശീലനം എന്നിവയ്ക്ക് നേതൃത്വം നൽകും.
ആർട് ഓഫ് ലിവിങ് ഫൗണ്ടേഷൻ, ഇന്റർനാഷണൽ അസോസിയേഷൻ ഫോർ ഹ്യൂമൻ വാല്യൂസ് എന്നീ പ്രസ്ഥാനങ്ങളാണ് പരിപാടി സംഘടിപ്പിക്കുന്നത്. അൺവെയിലിങ് ഇൻഫിനിറ്റി എന്ന പേരിട്ടിരിക്കുന്ന ദ്വിദിന പരിപാടിയിൽ ആറായിരത്തോളം ആളുകളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആയിരം ദിർഹം അല്ലെങ്കിൽ മൂവായിരം ദിർഹം ഫീസടച്ച് രെജിസ്റ്റർ ചെയ്യണം. ആഗോള ആത്മീയ നേതാക്കളിൽ ഒരാളായ ശ്രീ ശ്രീ രവിശങ്കറിനെ ദുബായിലേക്ക് സ്വാഗതം ചെയ്യാൻ അവസരം ലഭിച്ചതിൽ ഇവിടെ വസിക്കുന്ന ഇന്ത്യൻ സമൂഹം ഏറെ സന്തോഷിക്കുന്നു എന്ന് പരിപാടിയുടെ വിശദംശങ്ങൾ അറിയിക്കാനായി ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു. ധർമേന്ദ്ര പട്ടേൽ, വിനയ് കപൂർ, മനാൽ കരേറെ, സൽവ അൽ ശൈബാനി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.