ഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ ഹൈക്കമാന്റിലും അവ്യക്തത. വിശ്വാസികളുടെ സമരം പ്രത്യക്ഷത്തില്‍ ഏറ്റെടുക്കണമെന്ന നിലപാടില്‍ കേരളഘടകത്തിലും ഭിന്നത രൂക്ഷമാണ്. ഹൈക്കമാന്‍ഡ് പൊതുവികാരത്തിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിക്ക് കെപിസിസി കത്തയച്ചു. മുല്ലപ്പളളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും മറ്റന്നാള്‍ രാഹുലുമായി കൂടിക്കാഴ്ച്ച നടത്തും.
ശബരിമല യുവതി പ്രവേശന വിധി സ്വാഗതംചെയ്ത ഹൈക്കമാന്‍ഡ് വിശ്വാസികളുടെ വികാരംകൂടി കണക്കിലെടുത്താകാണം വിധി നടപ്പാക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. വിധിക്കെതിരേ രാഷ്ട്രീയഭേദമില്ലാതെ എതിര്‍പ്പ് ഉയര്‍ന്നതോടെ വിശ്വാസിസമൂഹത്തിനൊപ്പം കെപിസിസി സമരത്തില്‍ പങ്കാളിയായി. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ എതിര് സ്വരമുയര്ന്നതോടെ നേതൃത്വത്തില്‍ ചിലര്‍ നിലപാട് തിരുത്തിയിരുന്നു. പ്രത്യക്ഷസമരത്തിനിറങ്ങിയ ബിജെപി രാഷ്ട്രീയനേട്ടമുണ്ടാക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് സമരം വീണ്ടും ഏറ്റെടുക്കണമെന്ന പൊതുവികാരം കെപിസിസിയിലുണ്ടായത്. ഇക്കാര്യത്തില്‍ പിന്തുണതേടി ഹൈക്കമാന്‍ഡിന് കെപിസിസി നേതൃത്വം കത്തയച്ചു.
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വിഷയത്തില്‍ പൊതുവികാരത്തിനൊപ്പം ഹൈക്കമാന്‍ഡ് നില്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. യുവതി പ്രവേശനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കെ.സുധാകരന്റെ പ്രസ്താവനയെ തള്ളി മുല്ലപ്പള്ളി രംഗത്തെത്തിയതും ശ്രദ്ധേയമായി. ശബരിമലയിലെത്തുന്ന സ്ത്രീകളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയില്ലെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കിയത്. മറ്റന്നാള്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി നിലപാട് വിശദീകരിക്കും. രാഹുല്‍ അനുമതി നല്കിയാല് സമരം കെപിസിസി പ്രത്യക്ഷത്തില്‍ ഏറ്റെടുക്കും. മുതിര്ന്നനേതാക്കളായ എ കെ ആന്റണിയും കെസി വേണുഗോപാലും രാഹുലിനെ കണ്ട് സംസ്ഥാന സ്ഥിതിഗതികള്‍ ബോധിപ്പിച്ചിരുന്നു.