ന്യൂഡല്‍ഹി: ട്രെയിനിന്റെ എസി കോച്ചുകളില്‍ ക്യുബിക്കിളുകള്‍ തമ്മില്‍ മറക്കാനുപയോഗിച്ചിരുന്ന കര്‍ട്ടനുകള്‍ ഒഴിവാക്കാനൊരുങ്ങി റെയില്‍വേ. എസി 2 ടയര്‍ കോച്ചുകളിലുള്ള കര്‍ട്ടനാണ് ഒഴിവാക്കുന്നത്. വൃത്തിയായി സൂക്ഷിക്കാന്‍ കഴിയാത്തതിനാലാണ് കര്‍ട്ടനുകള്‍ ഒഴിവാക്കുന്നത്.
യാത്രക്കാരില്‍ പലരും ഭക്ഷണം കഴിച്ച ശേഷം കൈകള്‍ തുടക്കാനും ഷൂവിലെ പൊടി തുടക്കാനുമെല്ലാം കര്‍ട്ടനുകള്‍ ഉപയോഗിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നതോടെയാണ് റെയില്‍വേയുടെ ഈ നീക്കം. പുതിയ കര്ട്ടന് ഇട്ടാലും പെട്ടന്ന് തന്നെ ഉപയോഗ ശൂന്യമാക്കുന്നതായും റെയില്‍വേ പറയുന്നു.
നിലവില്‍ മാസത്തിലൊരിക്കല്‍ മാത്രമാണ് കര്‍ട്ടനുകള്‍ മാറ്റുന്നത്. ഈ മാസം അവസാനത്തോടെ തന്നെ കര്‍ട്ടനുകള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായേക്കും.
2009 മുതലാണ് എസി കോച്ചുകളില്‍ റെയില്‍വേ കര്‍ട്ടനുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. 2014ലുണ്ടായ തീപിടുത്തെ തുടര്‍ന്ന് എസി 3 ടയര്‍ കോച്ചുകളില്‍ നിന്ന് കര്‍ട്ടനുകള്‍ ഒഴിവാക്കിയിരുന്നു.