സത്യമപ്രിയം

അയ്യപ്പന്‍ നല്‍കുന്നത് ഹിന്ദു ഏകീകരണത്തിനുള്ള അവസരം

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

കലിയുഗവരദനായ ശബരിമല അയ്യപ്പന്‍ കേരളത്തിലെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ആത്മീയ പ്രചോദനമാണ്. ഏകം സത് വിപ്രാ ബഹുധാവദന്തി എന്നും വസുധൈവ കുടുംബകം എന്നും വാഴ്ത്തിയ ഹിന്ദുത്വത്തിന്റെ ശരിയായ ധര്‍മ്മമനുസരിച്ച് നിലകൊള്ളുന്ന ആദ്ധ്യാത്മിക കേന്ദ്രമാണ് ശബരിമല. ജാതിയുടെയോ വേഷ-ഭാഷാ-വര്‍ണ്ണ വ്യത്യാസമോ ഇല്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരേപോലെ ആരാധന നടത്താന്‍ കഴിയുന്ന ശബരിമലക്ഷേത്രം ഏറെക്കാലമായി ചിലരുടെ കണ്ണിലെങ്കിലും കരടായിട്ട്. മതപരിവര്‍ത്തനത്തിന്റെ ദുഷ്ടലാക്കുമായി ചോളപ്പൊടിയും പുകയിലയും ഒക്കെയായി നടക്കുന്ന പാതിരിമാര്‍ക്ക് ശബരിമല അയ്യപ്പന്‍ എല്ലാ കാലവും ഒരു തടസ്സമായിരുന്നു. എന്ത് പ്രശ്‌നമുണ്ടെങ്കിലും ദീനാനുകമ്പയോടെ ആപത്ബാന്ധവനായി നിലകൊള്ളുന്ന അയ്യപ്പന്റെ സന്നിധിയില്‍, ശരണംവിളിയില്‍ അലിഞ്ഞുചേരാത്ത ദുരിതങ്ങളില്ല.

അതുകൊണ്ടുതന്നെ മതപരിവര്‍ത്തനം ഒരു പരിധിവരെ തടയപ്പെട്ടതും അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടായിരുന്നു. അതുതന്നെയാണ് ശബരിമലയെ തകര്‍ക്കാന്‍ എല്ലാ കാലവും ശ്രമം നടക്കാന്‍ കാരണവും. 1950 ലെ ശബരിമല തീവെയ്പ് കേസ് ഈ പരിശ്രമത്തിന്റെ മികച്ച ഉദാഹരണമാണ്. ശബരിമല തകര്‍ക്കാന്‍ വേണ്ടി ചില ക്രിസ്ത്യന്‍ പ്രമാണിമാര്‍ നടത്തിയ ഗൂഢാലോചനയാണ് തീവെയ്പില്‍ എത്തിയതെന്ന് ഇതിനെക്കുറിച്ച് അന്വേഷിച്ച അന്നത്തെ ഡി.ഐ.ജി കെ. കേശവമേനോന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാരണവും വര്‍ഗ്ഗീയമാണെന്ന് വ്യക്തമായ സൂചനയും അ്‌ദ്ദേഹം നല്‍കിയിരുന്നു. കേശവമേനോന്‍ തുടരന്വേഷണം ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും ഇന്നുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. റിപ്പോര്‍ട്ട് തന്നെ രഹസ്യമാക്കി വെയ്ക്കാനാണ് കാലാകാലങ്ങളില്‍ വ്ന്ന സര്‍ക്കാരുകള്‍ ശ്രമിച്ചത്. റിപ്പോര്‍ട്ട് ക്രിസ്ത്യന്‍ പ്രമാണിമാരുടെ പരിശ്രമത്തെ കുറിച്ച് പറയുന്നു.

”ഔസേപ്പിന്റെ മൊഴിപ്രകാരം കരിമ്പനാല്‍ കൊച്ചുകുഞ്ഞ് മുതലാളി, നെല്ലിമറ്റത്ത് കുട്ടിയച്ചന്‍, പൊടിമറ്റം വര്‍ഗീസ്, കരിപ്പാപ്പറമ്പില്‍ ദേവസ്യ, വടക്കേപ്പറമ്പില്‍ തൊമ്മന്‍, പൊട്ടംകുളം തോമസ് എന്നിവരടങ്ങിയ മുതലാളിമാരുടെ സംഘത്തെ അയാള്‍ അനുഗമിച്ചു. ഇവര്‍ എരുമേലിയില്‍ നിന്ന് ഒരു ജീപ്പില്‍ കാളകെട്ടിയില്‍ എത്തി. അവിടെ നിന്ന് കാല്‍നടയായി കൊല്ലമൂഴിയില്‍ എത്തി താവളമടിച്ചു. കൂലിക്കാരെ കാട്ടിക്കയറി നായാടുവാന്‍ അവര്‍ നിയോഗിച്ചു. പിന്നീട് മുതലാളിമാരും അയാളും നിലയ്ക്കലില്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ വിശ്വസിച്ച പള്ളി അന്വേഷിച്ചു പോയി. അന്വേഷണം നടത്തിയെങ്കിലും പള്ളിയുടെ അവശിഷ്ടങ്ങള്‍ ഒന്നും കണ്ടില്ല. നേരെമറിച്ച് ഒന്നു രണ്ട് ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളാണ് കണ്ടത്. തിരുവിതാംകൂറിന്റെ ചരിത്രദശയില്‍ മുതലാളിമാര്‍ ശബരിമലയ്ക്കുള്ള പാതയില്‍ പള്ളിയെപ്പറ്റി അന്വേഷിക്കുന്നത് ആശ്ചര്യകരമായിരിക്കുന്നു. ഒന്നുകില്‍ എന്തെങ്കിലും തെളിവുമൂലം അവിടെ പള്ളിയുണ്ടായിരുന്നതായി സ്ഥാപിച്ച് അത് പുനരുദ്ധരിക്കാനോ പുതിയ പളളി നിര്‍മിക്കുവാന്‍ അനുയോജ്യമായ സ്ഥലം അന്വേഷിച്ചോ ആയിരിക്കാം ഉദ്യമം.

ഏതായാലും ശബരിമലയിലേയ്ക്കുള്ള പരമ്പരാഗതമായ പാതയ്ക്കടുത്ത് പള്ളിവേണമെന്നുള്ള അഭിവാഞ്ഛ ഇവരുടെ മനസ്സില്‍ ദൃഢമായി വേരൂന്നിയിരുന്നു. അല്ലെങ്കില്‍ മുതലാളിമാരെല്ലാം ചേര്‍ന്ന് ഇത്തരം സംരഭത്തിന്റെ ആവശ്യമില്ല. ഭക്തിയോടും ഈശ്വരോന്മത്തതയോടും ശബരിമല സന്ദര്‍ശനാര്‍ത്ഥം പോകുന്ന അധഃസ്ഥിത ഹിന്ദുക്കളുടെ സംഖ്യാവര്‍ദ്ധനകണ്ട്, തടുത്തില്ലെങ്കില്‍ നിശ്ചയമായും ഇത് താണ ജാതി ഹൈന്ദവരുടെയിടയില്‍ നിന്നുള്ള ക്രിസ്തുമത പരിവര്‍ത്തന പ്രസ്ഥാനത്തിന് വിഘാതം സംഭവിക്കാവുന്ന സംഭവവികാസമാകുമെന്ന് കുറെക്കാലമായി ക്രിസ്ത്യനികള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്ന് കാണാന്‍ കഴിയും. അതിനു പുറമെ നിലയ്ക്കലും പമ്പാകടവിലും ഒരു പള്ളിയുണ്ടാകുന്നത് കാലക്രമേണ ക്രിസ്ത്യാനികളെ ആകര്‍ഷിക്കുമെന്നും അങ്ങനെ ഫലഭൂയിഷ്ഠമായ ആ പ്രദേശങ്ങള്‍ തങ്ങളുടെ സാമ്പത്തിക സ്ഥിതി ഉന്നമിപ്പിക്കുവാന്‍ ചൂഷണം ചെയ്യാമെന്നും അവര്‍ കരുതിയിരിക്കണം.”

ശബരിമലപ്രദേശത്തും നിലയ്ക്കലും പമ്പയിലും ക്രൈസ്തവ പള്ളികള്‍ സ്ഥാപിക്കാനുളള ശ്രമത്തിന് എത്ര പഴക്കമുണ്ടെന്ന് ഈ അന്വേഷണ റിപ്പോര്‍ട്ടില്‍നിന്നു തന്നെ വ്യക്തമാണ്. അതിന്റെ ഭാഗമായാണ് 1950 ല്‍ ശബരിമല ക്ഷേത്രത്തിന് തീവെച്ചത്. അതിനുശേഷം ശബരിമല ധര്‍മ്മശാസ്താവിന്റെ പൂങ്കാവനമായ നിലയ്ക്കലില്‍ ഒരു ക്രിസ്ത്യന്‍പള്ളി 1980 കളില്‍ പണിയാന്‍ ശ്രമിച്ചു. അന്ന് കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഉണ്ടായിരുന്ന മുഴുവന്‍ ക്രിസ്തീയ നേതാക്കളും ഒരുമിച്ചു ചേര്‍ന്നാണ് നിലയ്ക്കല്‍പള്ളി പണിയാന്‍ ശ്രമിച്ചത്.’ ക്രൈസ്തവ ഗൂഢാലോചനയുടെ ആഴവും പരപ്പും വെളിവാക്കുന്ന ഉത്തമദൃഷ്ടാന്തമാണ് ശബരിമല തീവെയ്പ്പിന്റെ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട്. നിലയ്ക്കല്‍ പ്രക്ഷോഭത്തെ തുടര്‍ന്നാണ് കെ. കരുണാകരന്‍ കീഴടങ്ങിയതും ശബരിമല അയ്യപ്പന്റെ പൂങ്കാവനത്തിനു പുറത്തുള്ള ആങ്ങാമൂഴിയിലേക്ക് പള്ളി മാറ്റിയതും. സഭാവ്യത്യാസമില്ലാതെ എല്ലാ ക്രിസ്ത്യാനികളുടെയും പള്ളിയായി ഇത് മാറ്റിയതിന്റെ പിന്നിലും ഈ സംഘടിത ഗൂഢാലോചന തന്നെയാണുള്ളത്.

ക്രൈസ്തവര്‍ നടത്തിയ അതേ ശ്രമം തന്നെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനവും ശബരിമലയ്‌ക്കെതിരെ എന്നും സ്വീകരിച്ചിട്ടുള്ളത്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പ്രസ്താവനയിറക്കുമ്പോഴും മതത്തിന്റെ സ്വാധീനം സഖാക്കളില്‍ കുറച്ചുകൊണ്ടുവരാന്‍ പാര്‍ട്ടി പ്ലീനം തീരുമാനമെടുക്കുമ്പോഴും അത് അവകവെയ്ക്കാതെ പാര്‍ട്ടി അംഗങ്ങള്‍കൂടിയായ ആയിരക്കണക്കിന് സഖാക്കളാണ് ശബരിമല അയ്യപ്പനെ തേടി സന്നിധാനക്കേക്ക് എത്തുന്നത്. പലയിടത്തും വാഹനങ്ങള്‍ ഒരുക്കാനും ശബരിമല ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനും രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മകള്‍ ഒരുങ്ങുന്നത് സി പി എമ്മിന്റെ അധമരാഷ്ട്രീയ നേതൃത്വത്തിന് ഒരിക്കലും ദഹിക്കുന്നതല്ല. സുപ്രീംകോടതി വിധി വന്നതിനുശേഷം ശബരിമലയിലേക്ക് സംഘടിതരായി യുവതികളെ അയക്കാന്‍ ശ്രമം നടത്തുന്നതും സി പി എമ്മിന്റെ ആസൂത്രിത പദ്ധതിയാണ്.

കോഴിക്കോടും കണ്ണൂരും പാര്‍ട്ടിക്കാരെയും പാര്‍ട്ടിഗ്രാമങ്ങളില്‍പ്പെട്ടവരെയുമാണ് ഇങ്ങനെ ചാവേറായി അയക്കാന്‍ തയ്യാറാകുന്നത്. ഇത്തവണ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള യാത്രാക്കൂലി വന്‍തോതില്‍ കൂട്ടിയ കെ എസ് ആര്‍ ടി സി നടപടിയും ശ്രദ്ധേയമാണ്. കേരളം മുഴുവനുണ്ടായ പ്രളയദുരന്തത്തില്‍ ഇരുപതിനായിരം കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ തന്നെ കണക്ക്. ഇതില്‍ പല ഭാഗത്തെയും ഇതര ആരാധനാലയങ്ങള്‍ക്കൊപ്പം പമ്പയിലെയും ശബരിമലയിലെയും നിര്‍മ്മിതികളും ഉള്‍പ്പെടുന്നു. ശബരിമലയിലെയും പമ്പയിലെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം പണം കണ്ടെത്താനാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡണ്ടിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. കേരളത്തിലുടനീളം പ്രളയദുരന്തത്തില്‍പ്പെട്ട മറ്റൊരു ആരാധനാലയത്തോടും സംസ്ഥാനസര്‍ക്കാര്‍ ഈ സമീപനം സ്വീകരിച്ചിട്ടില്ല. ഇതില്‍നിന്നെല്ലാം ശബരിമലയോടുള്ള സി പി എം സമീപനം വ്യക്തമാകുന്നതാണ്.

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് പ്രസ്താവിച്ചത് സി കേശവനാണെങ്കിലും നടപ്പിലാക്കിയത് സി പി എം ആയിരുന്നു. ഭഗവാന് എന്തിനാ പാറാവ്? തുടങ്ങിയ പ്രയോഗങ്ങളിലൂടെ ദൈവനിഷേധത്തിന്റെയും ഹിന്ദുത്വത്തോടുള്ള പുച്ഛത്തിന്റെയും അനുഭവസാക്ഷ്യങ്ങള്‍ നേരത്തെ തന്നെ നിരത്തിയിട്ടുള്ളതാണ്. ഭാരതീയ സംസ്‌കാരത്തോടും ജീവിതത്തോടും ജീവിത മൂല്യങ്ങളോടും എന്നും അനാദരവോടെ മാത്രമേ സി പി എം പെരുമാറിയിട്ടുള്ളൂ. അവരുടെ ആ കളിയിലെ അവസാനത്തെ ഇനമാണ് ശബരിമല സംബന്ധിച്ച നിലപാട്. ശബരിമല തകര്‍ക്കാന്‍ സി പി എം സ്വീകരിച്ചിട്ടുള്ള ഈ നിലപാടുകളുടെ പിന്നിലെ പിന്നാമ്പുറക്കഥകളും ഗൂഢാലോചനയുമാണ് അന്വേഷിക്കേണ്ടത്. ശബരിമല അയ്യപ്പനെ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് വിശ്വസിക്കുന്ന ഒരു വന്‍ ജനസമൂഹം കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുണ്ട്. അവര്‍ ഉള്ളിടത്തോളം ആചാരങ്ങള്‍ക്കും പാരമ്പര്യവിധികള്‍ക്കും ഭംഗം വരുത്താന്‍ ഒരാളെയും അനുവദിക്കില്ല എന്നത് കഴിഞ്ഞ ദിവസങ്ങളിലെ നാമജന ഘോഷയാത്രകൊണ്ട് വ്യക്തമാണ്.

ശബരിമലക്കാര്യത്തില്‍ എന്‍ എസ് എസ്സിന്റെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെയും നിലപാട് അഭിനന്ദനാര്‍ഹമാണ്. നേരത്തെ സമദൂരത്തിന്റെ പേരു പറഞ്ഞ് ഹിന്ദു പ്രശ്‌നങ്ങളില്‍, ഹിന്ദു ഐക്യത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോയിരുന്ന എന്‍ എസ് എസ് ശരിയായ വഴിയിലേക്ക് തിരിച്ചുവന്നുകഴിഞ്ഞു. മന്നത്ത് പത്മനാഭന്‍ സ്വീകരിച്ചിരുന്ന ഹിന്ദു ഏകീകരണത്തിന്റെയും ഐക്യത്തിന്റെയും പാതയിലേക്കാണ് എന്‍ എസ് എസ് മടങ്ങിയെത്തുന്നത്. പക്ഷേ, ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടയ്ക്കിടെ കളം മാറ്റി ചവിട്ടുന്നത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. തൊമ്മന്‍ അയയുമ്പോള്‍ ചാണ്ടി മുറുകുമെന്ന നിലപാട് ഇരു പ്രസ്ഥാനങ്ങളും കൈവെടിയണം. മന്നത്ത് പത്മനാഭനും ടി കെ മാധവനും രണ്ടു കണ്ണുകളെപ്പോലെ ഒരേപോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് മന്നം ആത്മകഥയിലും ഡയറിക്കുറിപ്പുകളിലും സൂചിപ്പിച്ചിട്ടുണ്ട്. നമ്പൂതിരി മുതല്‍ നായാടി വരെയുള്ള മുഴുവന്‍ ഹിന്ദു സമൂഹവും ഒന്നിക്കണമെന്നും ഒരേ ഈശ്വരാംശമാണ് എല്ലാവരിലും ഉള്ളതെന്ന നിലപാടാണ് മന്നവും ടി കെ മാധവനും ആര്‍ ശങ്കറും ഒക്കെ സ്വീകരിച്ചിരുന്നത്.

ജാതീയമായ അവഗണനകള്‍കൊണ്ട് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന നിര്‍ദ്ദേശവുമായെത്തിയ ഡോ. പല്‍പ്പുവിനെ മടക്കി അയച്ച ശ്രീനാരായണഗുരുദേവനും ക്രിസ്തുമതഛേദനം എഴുതിയ ചട്ടമ്പിസ്വാമികളും ഒക്കെത്തന്നെ ഈ ഹിന്ദു ഏകീകരണത്തിനാണ് ദിശാസൂചന നല്‍കിയിരുന്നതെന്ന കാര്യം വിസ്മരിക്കരുത്. ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കണം. ഹിന്ദു ഏകീകരണത്തിനും ഒന്നിച്ചു മുന്നേറാനുമുള്ള അവസരമാണ് അവര്‍ക്കു മുന്നില്‍ കലിയുഗവരദനായ അയ്യപ്പന്‍ തുറന്നിടുന്നത്. അവര്‍ ഒന്നിച്ചാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ഹിന്ദുക്കളെ അവഹേളിക്കുകയും അവമതിക്കുകയും ചൂഷണം ചെയ്യുകയും പതിവാക്കിയ രാഷ്ട്രീയക്കാര്‍ പത്തമടക്കും. ഹിന്ദുമഹാമണ്ഡലകാലത്ത് ഇത് കേരളം കണ്ടതാണ്. ആ ഹിന്ദു ഐക്യത്തിന്റെ പാതയിലേക്ക് നീങ്ങാനുള്ള വിവേകം ഇരുവര്‍ക്കും ഉണ്ടാകണം.

3K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close