വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, ഇവരുടെ മക്കൾ എന്നിവരുടെ താമസവിസ കാലാവധി ഒരു വർഷം കൂടി നീട്ടാൻ സാധിക്കുന്നതുൾപ്പടെ കാതലായ മാറ്റങ്ങൾ ആണ് പുതിയ നിയമത്തിൽ ഉള്ളത് . രക്ഷിതാക്കളുടെ സ്പോണ്സര്ഷിപ്പിലുള്ള വിദ്യാർത്ഥികൾക്ക് സർവകലാശാല, സെക്കൻഡറി സ്കൂൾ പഠനത്തിന് ശേഷവും അവരുടെ താമസ വിസ കാലാവധി നീട്ടി നൽകുന്നതാണ് പ്രധാനപ്പെട്ട മറ്റൊരു പരിഷ്കാരം. സന്ദർശക, വിനോദസഞ്ചാര വിസകളിലുള്ളവർക്ക് വിസ കാലാവധി അവസാനിച്ചാലും യു.എ.ഇയിൽ നിന്നുകൊണ്ട് തന്നെ പുതിയ വിസ നേടാനുള്ള അവസരവും പുതിയ നിയമത്തിൽ ഉണ്ട്. യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച നിരവധി മാറ്റങ്ങളിൽ മൂന്നെണ്ണമാണ് ഒക്ടോബർ 21 മുതൽ നടപ്പാക്കുന്നത് എന്ന് ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ് ന്റെ ഫോറിനേഴ്സ് അഫയേഴ് ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സായിദ് റഖാൻ അൽ റാഷിദി വാർത്താസമ്മേളനത്തിൽ അറിയിച്ചു . ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തുന്നവർക്ക് രണ്ടു തവണ വിസ കാലാവധി നീട്ടിക്കിട്ടാൻ സാധിക്കുന്നതാണ് പുതിയ നിയമ പരിഷ്കാരം. സന്ദർശക, ടൂറിസ്റ്റ് വിസയിൽ വരുന്ന മാറ്റങ്ങൾ രാജ്യത്തെ വിനോദ സഞ്ചാരമേഖലക്ക് ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്