കുവൈറ്റ് സിറ്റി : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ സംഗീതസഭ കുവൈറ്റ് നടത്തിവന്ന നവരാത്രി സംഗീതോത്സവത്തിന്റെ സമാപനം സാല്‍മിയ അമ്മാന് ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ നടന്നു. രക്ഷാധികാരി മഹേഷ്അയ്യര്, പ്രസിഡന്റ് സുനില്‍കുമാര്‍, നടരാജന്, ആനന്ദീ നടരാജന്, വയലിനിസ്റ്റ് അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍വീനര്‍ ബാലകൃഷ്ണന് മല്ല്യ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപംകൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം അഞ്ചിന് വാദ്യകലാക്ഷേത്രം കുവൈറ്റിന്റെ ചെണ്ടമേളത്തോടുകൂടി ആരംഭിച്ച പരിപാടിയില്‍ വീണവാദനം, വയലിന്‍കച്ചേരി, പുല്ലാങ്കുഴല്‍ കച്ചേരി, ലയവിന്യാസം തുടങ്ങിയ പരിപാടികളും അരങ്ങേറി. കുവൈറ്റ് സ്വദേശി അബ്ദുല്‍ അസീസിന്റെ വയലിന് വാദനം സദസ്സിന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്ത്യന്‍ എമ്പസി ഫസ്റ്റ് സെക്രട്ടറി സജീവ്ഷക്ലാനി പങ്കെടുത്ത ചടങ്ങില്‍ സെക്രട്ടറി ഗോപിനാഥന് സ്വാഗതവും ട്രഷറര്‍ വിദ്യാനാഥന്‍ നന്ദിയും രേഖപ്പെടുത്തി. കഴിഞ്ഞ ഒന്‍പത് ദിവസങ്ങളില്‍ സംഗീതോത്സവത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരവിതരണവും ചടങ്ങില്‍ നടന്നു.