ഭാരതത്തിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും കാത്തു പരിപോഷിപ്പിച്ച പുണ്യ നദികൾ , ഗംഗ , യമുന, സരസ്വതി .അവരുടെ സംഗമ ഭൂമിയായ പ്രയാഗ. ശിലാദിത്യനെന്ന ഹർഷവർദ്ധനന്റെ ഭരണകാലത്ത് ആയിരങ്ങൾ പങ്കെടുക്കുന്ന മേളകൾ നടന്ന സ്ഥലമാണെന്ന് ഹുയാൻസാങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
അലാവുദ്ദീൻ ഖിൽജിയുടെ കീഴടക്കലിനും സ്വന്തം സംസ്കൃതി പണയം വെക്കാൻ പ്രയാഗ ഒരുക്കമായിരുന്നില്ല. എന്നാൽ 1575 കാലത്ത് നയതന്ത്രപരമായും യുദ്ധതന്ത്ര പരമായും നിർണായകമായിരുന്ന പ്രയാഗയിൽ അക്ബർ പുതിയ നഗരം പണിതുയർത്തി.
പ്രയാഗയെന്ന പേര് അവിടെ നഷ്ടമാവുകയായിരുന്നു. മുഗൾ ഭരണത്തിന്റെ അധീശത്വത്തിൽ ആദ്യം ഇലഹബാസ് ആയും പിന്നീട് അലഹബാദ് ആയും അതു മാറി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് സർക്കാരിലേക്ക് എത്തിയെങ്കിലും ത്രിവേണി സംഗമ ഭൂമി അലഹബാദ് ആയിത്തന്നെ തുടർന്നു.
ഇന്ത്യൻ സായുധ വിപ്ലവത്തിന്റെ കമാൻഡർ ചന്ദ്രശേഖർ ആസാദ് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലിദാനം ചെയ്ത ആൽഫ്രഡ് പാർക്ക് സ്വാതന്ത്ര്യാനന്തരം ചന്ദ്രശേഖർ ആസാദ് പാർക്ക് ആയെങ്കിലും അലഹബാദിന് മാത്രം ശാപമോക്ഷമുണ്ടായില്ല.
ഒടുവിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ പ്രയാഗയ്ക്ക് ശാപമോക്ഷം കൊടുത്തു. പുണ്യനദികൾ ചേരുന്ന ത്രിവേണി സംഗമത്തിന് ഇനി ആശ്വസിക്കാം . അവളുടെ പൈതൃക നാമം തിരിച്ചു കിട്ടിയിരിക്കുന്നു .. പ്രയാഗ് രാജ്