കുവൈറ്റ് സിറ്റി : കുടുംബവാസ മേഖലകളിലെ ബാച്ലര്‍മാര്‍ക്ക് താമസ സൗകര്യം നല്കുന്ന കെട്ടിടഉടമകള്‍ക്ക് 1,000 മുതല്‍ 10,000 ദിനാര്‍ വരെ പിഴ ചുമത്താന്‍ നീക്കം. ഇതിനായുള്ള നിയമഭേദഗതികള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചതായി മുനിസിപ്പാലിറ്റി പരാതി സെല്‍ കമ്മിറ്റി മേധാവി മിഷാല്‍ അല്‍ ഹംദാന്‍ അറിയിച്ചു. കെട്ടിട ഉടമകള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികളും ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സാമൂഹിക പ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നതിനാലാണ് കുടുംബവാസ മേഖലകളിലെ വിദേശി ബാച്ലര്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള പ്രധാന കാരണം. ബാച്ലര്മാര്ക്കുള്ള പാര്‍പ്പിട സൗകര്യത്തിന്റെ കുറവ് പരിഹരിക്കുന്നതിനായി പുതിയ ലേബര്‍ സിറ്റികള്‍ സ്ഥാപിക്കുകയാണ് പ്രധാന പരിഹാര മാര്‍ഗം.
കുടുംബവാസ മേഖലയില്‍ താമസിക്കുന്ന ബാച്ലര്‍മാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ചു മുനിസിപ്പാലിറ്റിയുടെ പൂര്‍ണ നിരീക്ഷണം അനിവാര്യമാണ്. വൈദ്യുതി മന്ത്രാലയം, സിവില്‍ ഐഡി അധികൃതര്‍, പൊലീസ്, മുനിസിപ്പാലിറ്റി എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സംവിധാനവും വേണം. ഇടപെടലുകള്‍ സംബന്ധിച്ച് പ്രസ്തുത സമിതി പ്രതിവാര അവലോകനവും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.