സത്യമപ്രിയം

വീണ്ടും തോല്‍ക്കുന്ന വിജയൻ

സത്യമപ്രിയം - ജി കെ സുരേഷ് ബാബു

ശബരിമല കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാണ്. ഒരിക്കല്‍ക്കൂടി അയ്യപ്പനാമത്തിലുള്ള ധര്‍മ്മസമരം വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുമ്പോള്‍ സംഘത്തിനും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റായി മുഴുവന്‍ ഹിന്ദുസമൂഹവും ഉണ്ടായിരുന്നു, ഒറ്റക്കെട്ടായി, ശരണമന്ത്രങ്ങളോടെ. വേഷവും ഭാഷയും ജാതിയും വര്‍ഗ്ഗവും വര്‍ണ്ണവും ഒന്നുമറിയാതെ അയ്യപ്പന്റെ തിരുനാമത്തില്‍ ശരണമന്ത്രങ്ങളോടെ അവര്‍ ഒന്നിച്ചത് ഒരു പുതിയ ചരിത്രമായി.

യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കുന്ന അല്ലെങ്കില്‍, ആ വിധിയെ നെഞ്ചേറ്റുന്ന ഒരാള്‍ പോലും ഇല്ലെന്നതാണ് സത്യം. ശബരിമലക്ഷേത്രം ഒരു പ്രത്യേക അനുഭൂതിയുടെയും ചൈതന്യത്തിന്റെയും വിശ്വാസത്തിന്റെയും സങ്കേതമാണ്. നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കല്പം വിവരിക്കാനും വ്യക്തമാക്കാനും പറ്റിയ ആദ്ധ്യാത്മിക-ദാര്‍ശനിക ഗ്രന്ഥങ്ങള്‍ കുറവാണ്. ശങ്കരാചാര്യര്‍ ഒരു നവോത്ഥാനത്തിന് രൂപം നല്‍കുമ്പോള്‍ ക്ഷേത്രത്തിന്റെ താന്ത്രിക കല്പനകളില്‍ പോലും അത് പ്രതിഫലിച്ചു. ഉത്തരേന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും ക്ഷേത്രപ്രതിഷ്ഠാ രീതിയും ആരാധനാസമ്പ്രദായവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ശബരിമലയുടെ ആചാരസങ്കല്പങ്ങളും വ്യത്യസ്തമാണ്. ശബരിമലയില്‍ ഒരിക്കലും സ്ത്രീകളെ മാറ്റിനിര്‍ത്തുന്നില്ല. ഒരു പ്രത്യേക പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് ക്ഷേത്രത്തില്‍ കയറാന്‍ കഴിയുന്നില്ല എന്നുമാത്രം. ഇത് ഒരിക്കലും വിവേചനത്തിന്റെ പരിധിയില്‍ വരുന്നില്ല.

അയ്യപ്പസ്വാമിയുടെ ഈ പ്രത്യേകത ഭാരതത്തില്‍ മാത്രമല്ല, ലോകമെമ്പാടു നിന്നും അയ്യപ്പദര്‍ശനത്തിന് വരുന്ന അഞ്ചുകോടിയിലേറെ ജനങ്ങളുടെ മനസ്സില്‍ അടിയുറച്ചിട്ടുള്ള വിശ്വസമാണ്. അതുകൊണ്ടുതന്നെയാണ് കോടതിവിധിക്കുശേഷം ആദ്യമായി മാസപൂജയ്ക്ക് നടതുറന്നപ്പോള്‍ പ്രതിരോധത്തിന്റെ കോട്ടയുയര്‍ത്തി ഭക്തസഹസ്രങ്ങള്‍ അവിടെ അണിനിരന്നത്. ഇക്കുറി അവിടെ ദര്‍ശനത്തിനായി എത്തിയ വിരലില്‍ എണ്ണാവുന്ന യുവതികളെയും ശ്രദ്ധിക്കണം. ലിബി സെബാസ്റ്റിയന്‍, രഹാന ഫാത്തിമ, മേരി സ്വീറ്റി, ബിന്ദു സക്കറിയ, കവിതാ കോശി, സുഹാസിനി രാജ് തുടങ്ങിയ അന്യമതസ്ഥരായ ആക്ടിവിസ്റ്റുകളോ ഭഗവാനില്‍ വിശ്വസിക്കാത്ത വിനോദസഞ്ചാരികളോ ആയിരുന്നു. രഹാന ഫാത്തിമ ഇരുമുടിക്കെട്ടില്‍ സാനിട്ടറി നാപ്കിനുമായി മല കയറുമെന്ന് നേരത്തെ തന്നെ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിപ്പിച്ചത് വ്യാപക ചര്‍ച്ചയായിരുന്നു. ഇത്തരം മനോവൈകൃതങ്ങള്‍ക്ക് വേദിയൊരുക്കാനാണോ പരമോന്നത നീതിപീഠം നൂറ്റാണ്ടുകളായി അണയാത്ത ആഴിപോലെ കാത്തുസൂക്ഷിക്കുന്ന പാരമ്പര്യത്തിന്റെയും അനുഷ്ഠാനത്തിന്റെയും പൊന്‍നൂലിഴ പൊട്ടിച്ചെറിയാന്‍ ശ്രമിച്ചത്. കറുപ്പുടുത്ത് മാലയും അയ്യപ്പമുദ്രയുമണിഞ്ഞ് 41 ദിവസം ചെരിപ്പുപോലും ഇടാതെ ഭക്ഷണത്തിലും മൈഥുനത്തിലും മാത്രമല്ല, വാക്കിലും നോക്കിലും മനസ്സിലും നൈഷ്ഠിക ബ്രഹ്മചാരിയാണ് ഓരോ അയ്യപ്പനും. മാലയിട്ടാന്‍ അവന്‍ അയ്യപ്പസ്വാമിയും അവള്‍ മാളികപ്പുറവുമാണ്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ പോകാറില്ല. ക്ഷേത്രങ്ങളില്‍ മാത്രമല്ല, പള്ളികളില്‍ കുര്‍ബാന കൈക്കൊള്ളാന്‍ ക്രൈസ്തവ സ്ത്രീകളും പോകാറില്ല. ആര്‍ത്തവകാലത്ത് മുസ്ലീം സ്ത്രീകള്‍ നിസ്‌കാരം ഒഴിവാക്കും. ഇതിന്റെ ശാസ്ത്രീയതയെ കുറിച്ചോ ന്യായാന്യായങ്ങളെക്കുറിച്ചോ ആധുനിക ഹൈടെക് കാലത്തിന്റെ പരിപ്രേഷ്യങ്ങള്‍ ചമയ്ക്കാം. പക്ഷേ, സംസ്‌കാരത്തിന്റെ മുത്തുമണികള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ഒരു ചങ്ങലക്കണ്ണിപോലെ സംക്രമിക്കുന്നത്, സന്നിവേശിക്കുന്നത് ഇത്തരം ആചാരവിചാരങ്ങളിലൂടെയാണ്. അവയ്ക്ക് അനുഷ്ഠാനങ്ങളും ആചാരങ്ങളും നല്‍കുന്ന പിന്‍ബലം ഒരുപക്ഷേ, യുക്തിയുടെ ഉരകല്ലില്‍ തെളിയുന്നതല്ല.

ശബരിമല അയ്യപ്പന്റെ പരമപവിത്രമായ സന്നിധാനം എല്ലാവരുടെയും സംഗമഭൂമിയാണ്. ഹിന്ദുമതത്തിലെ എല്ലാ അവാന്തരവിഭാഗങ്ങളെയും ഒരേപോലെ സമന്വയിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിന് മുന്‍പു പോലും എല്ലാവര്‍ക്കും ഒരേപോലെ ആരാധനാസൗകര്യം ഉണ്ടായിരുന്നതുമായ മൈത്രിയുടെ കേദാരമാണ്. ഇത് ഒരു നവസംസ്‌കാരത്തിന്റെ കളിത്തൊട്ടിലാണ്. അവിടത്തെ ആചാരപദ്ധതിയില്‍ പ്രതിലോമപരമായ എന്തെങ്കിലും ഉണ്ടെങ്കില്‍ മാറ്റാം, മാറ്റിമറിക്കാം. സുപ്രീംകോടതി കാണാതെ പോയ ഒരു കാര്യമുണ്ട്. കോടതിവിധി നടപ്പിലാക്കുമെന്ന് പറഞ്ഞ സംസ്ഥാനസര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രതിഷേധ കൊടുങ്കാറ്റില്‍ അണിനിരന്നവരില്‍ ഏറെയും ക്ഷേത്രപ്രവേശനത്തിന് പുതിയതായി അര്‍ഹത നേടിയ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളായിരുന്നു എന്നകാര്യം വിസ്മരിക്കരുത്. ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് പ്ലക്കാര്‍ഡേന്തി തെരുവില്‍ ഇറങ്ങിയ പതിനായിരങ്ങളെ സംസ്ഥാനസര്‍ക്കാരും കോടതിയും കാണാതെ പോകരുത്.

മൗലികാവകാശത്തിന്റെയോ സ്ത്രീസ്വാതന്ത്ര്യത്തിന്റെയോ തുല്യതയുടെയോ കാര്യത്തില്‍ ഹിന്ദുത്വത്തിനെ പഠിപ്പിക്കാന്‍ ഒരു നീതിപീഠത്തിനും കഴിയില്ല. അര്‍ദ്ധനാരീശ്വര സങ്കല്പവും നാരീ നാരായണീ സങ്കല്പവും സ്ത്രീയെ പൂജിക്കുന്നിടത്താണ് ദേവതകള്‍ പ്രസാദിക്കുന്നത് എന്ന സങ്കല്പവും ഒക്കെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ ലോകത്തിലെ മറ്റൊരിടത്തും കാണാത്ത അനര്‍ഘരത്‌നങ്ങളാണ്. ഈ വെടിക്കെട്ടുകാരന്റെ പുരയിലേക്ക് ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ ആക്ടിവിസ്റ്റുകളും വനിതാ മാധ്യമപ്രവര്‍ത്തകരും എത്തുമ്പോള്‍ അവര്‍ ചരിത്രം പഠിച്ചിട്ടില്ലെന്ന് കാണണം. നേതി നേതി എന്നോതിയ ഗാര്‍ഗിയും മൈത്രേയിയും ശാസ്ത്ര സത്യങ്ങളുടെ അനന്തതയിലേക്ക് നയിച്ച ചാക്രായണിയും വേദസൂക്തങ്ങള്‍ സമര്‍പ്പിതമായ ലോപാമുദ്രയും ഒക്കെ ഇന്നും ജീവിക്കുന്ന പ്രതീകങ്ങളായി കാണുന്ന ഹിന്ദുവിനെ സ്ത്രീകള്‍ സമമാണെന്ന് പഠിപ്പിക്കാന്‍ പുറപ്പെടുന്നവര്‍ അജ്ഞതയില്‍ മുങ്ങി മുഴുകിയ കൃമികീടങ്ങളാണ്. ഒരിക്കലെങ്കിലും ഭാരതത്തിന്റെ പാരമ്പര്യത്തെക്കുറിച്ചോ സംസ്‌കാരത്തെ കുറിച്ചോ അതിന്റെ പ്രാമാണിക ഗ്രന്ഥങ്ങളെ കുറിച്ചോ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ഇത്തരം വിവരക്കേടുകള്‍ക്ക് പുറപ്പെടില്ല. മാവോവാദികള്‍ മുതല്‍ സംസ്‌കാര രാഹിത്യത്തിന് പുതിയ ഭാഷ്യം തീര്‍ക്കുന്ന രഹാന വരെയുള്ള സാമൂഹിക വിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാണോ ഭസ്മാഭിഷിക്തനായി, യോഗപട്ടാസനത്തില്‍ യോഗനിദ്രയില്‍ തപോനിഷ്ഠനായ കലിയുഗവരദന്റെ പുണ്യഭൂമി.

ഒരുവര്‍ഷം ആറുകോടിയോളം ജനങ്ങളാണ് ഒരു നിമിഷാര്‍ദ്ധമെങ്കിലും ആ പുണ്യദര്‍ശനത്തിനായി ലോകമെമ്പാടുനിന്നും എത്തുന്നത്. കേരളത്തിലെ ആയിരക്കണക്കിന് വരുന്ന ക്ഷേത്രങ്ങളില്‍ ഓരോന്നിനും ഓരോ പ്രതിഷ്ഠാ സങ്കല്പമുണ്ട്. സ്വന്തം പ്രാണന്റെ ഒരു ഭാഗം ശില്പി പണിതുകൊണ്ടുവരുന്ന കല്‍വിഗ്രഹത്തിലേക്ക് ആവാഹിച്ച് അതിനെ ചൈതന്യവത്താക്കുമ്പോള്‍, ജീവസ്സുറ്റ ദേവചൈതന്യമായി മാറുമ്പോള്‍, ലോകഹിതത്തിനായി സാക്ഷാത്കരിക്കപ്പെടുന്ന ആ ഈശ്വരചൈതന്യത്തിന് നിയതമായ രൂപമുണ്ട്, ഭാവമുണ്ട്, ആത്മാവുണ്ട്. അതിന് നിയമപരമായി ഒരു സാധാരണ മനുഷ്യന്റെ അധികാര അവകാശങ്ങളുമുണ്ട്. പ്രാണപ്രതിഷ്ഠയുടെ ഈ സങ്കല്പമാണ് തന്ത്രിയെ പിതൃതുല്യനാക്കി മാറ്റുന്നത്. ക്ഷേത്രത്തിലെ തന്ത്രി വെറും ശമ്പളക്കാരനാണെന്ന് പറഞ്ഞ എം എം മണി ശ്രദ്ധേയനാകുന്നത് വിവരക്കേടുകളും അസംബന്ധങ്ങളും പറഞ്ഞിട്ടാണ്. അദ്ദേഹത്തില്‍നിന്ന് അതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുമില്ല. പക്ഷേ, അതിനേക്കാള്‍ നിലവാരം കുറഞ്ഞ വാചകങ്ങള്‍ തന്ത്രിയെക്കുറച്ചും തന്ത്രി കുടുംബത്തെ കുറിച്ചും മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ ഒരുകാര്യം ഓര്‍മ്മിക്കണം, പിണറായി വിജയന്‍ വെറും പിണറായി വിജയനല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന്.

1957 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് രാമസിംഹന്‍ വധക്കേസിലും ശബരിമല തീവെയ്പ് കേസിലും സി പി എം സ്വീകരിച്ച നിലപാടുകൊണ്ടാണെന്ന് പല പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ഗവേഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത്യം കൂടി ശബരിമലയില്‍ നിന്നാകുമോ എന്നാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ കാണുമ്പോള്‍ തോന്നുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയും പരാമര്‍ശങ്ങളും ആ വഴിക്ക് തന്നെയാണ് പോകുന്നത്. തന്ത്രികുടുംബം വന്നത് ഗോദാവരിയില്‍ നിന്നാണെന്ന് ഗവേഷണത്തിലൂടെ കണ്ടുപിടിച്ച ഈ പണ്ഡിതവരേണ്യന്‍ നേരത്തെയും ഇത്തരം പല കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ള ആളാണ്. ധനകാര്യ സെക്രട്ടറിയും കേരളം കണ്ട ഏറ്റവും മികച്ച, സത്യസന്ധനുമായ ഐ എ എസ് ഉദ്യോഗസ്ഥന്‍ വരദാചാരിയുടെ തല പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫയലില്‍ നോട്ടെഴുതിയ ആളാണ് പിണറായി.

എസ് എന്‍ സി ലാവലില്‍ ഇടപാടില്‍ ഒപ്പം നില്‍ക്കാതിരുന്ന വി രാജഗോപാലിനെ മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയതും അദ്ദേഹത്തിന്റെ നടപടികളായിരുന്നു. രാഷ്ട്രീയരംഗത്തും അദ്ദേഹത്തിന് ശത്രുതയ്ക്ക് ഇരയായവരെയൊക്കെ അച്യുതാനന്ദനെക്കാള്‍ സമര്‍ത്ഥമായി വെട്ടിനിരത്തി. തൃശ്ശൂരിലെ ടി ശശിധരനും ഇ ബാലാനന്ദനും വി ബി ചെറിയാനും കെ എന്‍ രവീന്ദ്രനാഥും കെ ചന്ദ്രന്‍പിള്ളയും സി എസ് സുജാതയും സി കെ സദാശിവനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും എന്തിനേറെ, ഒരുകാലത്ത് ഡി വൈ എഫ് ഐയിലൂടെ ഒരുകാലത്ത് കേരളം മുഴുവന്‍ ഉറ്റുനോക്കിയിരുന്ന പിന്നാക്ക സമുദായക്കാരനായ എസ് ശര്‍മ്മവരെ ആ വെട്ടിനിരത്തലിന് ഇരയായവരാണ്.

ഇന്ന് സാലറി ചലഞ്ചിന്റെയും ചെലവ് ചുരുക്കലിന്റെയും പാഠങ്ങള്‍ മലയാളിയെ പഠിപ്പിക്കുന്ന മുഖ്യമന്ത്രി ദുബായ് അടക്കമുള്ള രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് പോയപ്പോള്‍ ഭാര്യയും മക്കളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബത്തെ മൊത്തം കൊണ്ടുപോയതിന്റെ ചെലവ് ആര് വഹിച്ചു എന്നത് വിലയിരുത്തപ്പെടേണ്ടതാണ്. മരുന്നു വാങ്ങാന്‍ ഇന്നെങ്കിലും പെന്‍ഷന്‍ വരുമായിരിക്കുമെന്ന് ഡയറിക്കുറിപ്പെഴുതിയ അച്യുതമേനോനും മകള്‍ക്ക് രണ്ടു വോയില്‍ സാരി കടം കൊടുക്കണമെന്നും അടുത്ത ശമ്പളത്തിന് തിരിച്ചുതരാമെന്ന് ചാലയിലെ കടക്കാരന് കത്തെഴുതിയ മുഖ്യമന്ത്രി ഇ എം എസ്സും ഉണ്ടായിരുന്ന നാടാണ് ഇതെന്ന കാര്യം പിണറായി മറക്കരുത്. ടി പി സെന്‍കുമാറിന് നേരെ പിണറായി ഉയര്‍ത്തിയ അതേ ധാര്‍ഷ്ട്യത്തിന്റെ ശബ്ദമാണ് ഇന്ന് ശബരിമല തന്ത്രിക്കും അയ്യപ്പഭക്തര്‍ക്കും പന്തളം കൊട്ടാരത്തിനും എതിരെ മാത്രമല്ല, സാക്ഷാല്‍ അയ്യപ്പസ്വാമിക്ക് എതിരെ പോലും ഉയര്‍ത്തുന്നത്. പിണറായിയുടെ ചൊവ്വാഴ്ചത്തെ പത്രസമ്മേളനം പണ്ട് ഹിരണ്യായ നമ ജപിക്കാന്‍ നിര്‍ബ്ബന്ധിച്ച ഹിരണ്യകശിപുവിനെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

ശബരിമല ലോകത്തെമ്പാടുമുള്ള ലക്ഷങ്ങളുടെ ആരാധനാമൂര്‍ത്തിയാണ്. അതിന്റെ നിഷ്ഠയിലും ഉപാസനാ ക്രമത്തിലും കഴിയാന്‍ പാവം അയ്യപ്പസ്വാമിയെ വിട്ടുകൂടെ? കോടതിവിധി നടപ്പാക്കാന്‍ അത്രയ്ക്ക് വാശിയാണെങ്കില്‍ സുപ്രീം കോടതി വിധി അനുസരിച്ച് ആദിവാസി ഭൂമി വീണ്ടെടുത്ത് നല്‍കട്ടെ. പിണറായി ഇതുവരെ കാണാത്ത, അനുഭവിക്കാത്ത സമരത്തിന്റെ പ്രചണ്ഡമായ കൊടുങ്കാറ്റിനെയായിരിക്കും ശബരിമല പ്രശ്‌നത്തില്‍ കാണാന്‍ പോകുന്നത്.

9K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close