അബുദാബി മലയാളി സമാജത്തിന്റെ 22 മത് നാടകോത്സവം കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ആരംഭിക്കും. വൈകിട്ട് എട്ട് മണിക്ക് സമാജം അങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പ്രശസ്ത സന്തൂർ വിദഗ്ദൻ ഹരിദാസ് നേതൃത്വം നൽകുന്ന സന്തൂർ കച്ചേരിയും കേരളത്തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും അവതരിപ്പിക്കും. നാടകോത്സവത്തിലെ ആദ്യ നാടകം നവംബർ രണ്ടിന് രാത്രി എട്ട് മണിക്ക് അരങ്ങേറും. യു.എ.ഇയിലെ വിവിധ സമിതികളിൽ നിന്നുള്ള ഏഴ് നാടകങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത നാടക പ്രവർത്തകയും നാടക പ്രവർത്തകരുടെ കൂട്ടായ്മയായ ‘നാടക്’ ന്റെ ജനറൽ സെക്രട്ടറിയുമായ ശൈലജ, രണ്ടായിരത്തിലധികം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുള്ള നാടക പ്രവർത്തകൻ പി.ടി.മനോജ് എന്നിവരാണ് വിധികർത്താക്കളായി എത്തുന്നത്.നാടകോത്സവത്തോടനുബന്ധിച്ച് നടക്കുന്ന രചനാ മത്സരത്തിനും പ്രത്യേകം സമ്മാനങ്ങളും നൽകും. രചനാ മത്സരത്തിന് പങ്കെടുക്കുന്നവർ സൃഷ്ടികൾ നവംബർ 15 ന് മുൻപായി msamajam@gmail.കോം എന്ന വിലാസത്തിലോ, നേരിട്ടോ എത്തിക്കണമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് ടി.എ.നാസർ, ജനറൽ സെക്രട്ടറി നിബു.സാം.ഫിലിപ്പ്, കല വിഭാഗം സെക്രട്ടറി കെ.വി.ബഷീർ, സാഹിത്യ വിഭാഗം സെക്രട്ടറി അനീഷ് ബാലകൃഷ്ണൻ, ഭരണസമിതി ചെയർമാൻ ടി.പി.ഗംഗാധരൻ, മുൻ പ്രസിഡന്റുമാരായ അജയഘോഷ്, വക്കം ജയലാൽ, യു.എ.ഇ എക്സ്ചേഞ്ച് മീഡിയ വിഭാഗം ഡയറക്ടർ കെ.കെ.മൊയ്തീൻ കോയ, എൻ.എം.സി ഗ്രൂപ്പ് പ്രതിനിധി രോഹിത് നാരായണൻ, എവർസേഫ് ഡയറക്ടർ സജീവൻ എന്നിവർ പങ്കെടുത്തു.