ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനം ദുബായ് നിവാസികൾ ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നു. അലസത ഉപേക്ഷിച്ച് ചുറുചുറുക്കോടെ ജീവിതത്തെ ആസ്വദിക്കുക എന്ന സന്ദേശത്തോടെയുള്ള ദുബായ് ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി. കുട്ടികൾ മുതൽ പ്രായമായവർ വരെ ഏറെ ആവേശത്തോടെയാണ് ഷെയ്ഖ് ഹംദാന്റെ ഫിറ്റ്നസ് ചലഞ്ചിനെ ഏറ്റെടുത്തത്. ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ പത്തു ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കും എന്നാണ് പ്രതീക്ഷ. ഇന്നലെ, ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന വർണാഭമായ പരിപാടിയോടെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമായി. മൂവായിരത്തിലേറെ ക്ലാസ്സുകൾ, സെമിനാറുകൾ, ദുബായിലെ വിവിധ മേഖലകളിൽ ഫിറ്റ്നസ് വില്ലേജുകൾ എന്നിവയും ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ജീവിതശൈലി രോഗങ്ങൾ സർവ്വസാധാരണമാകുന്ന സാഹചര്യത്തിൽ വ്യായാമം ശീലമാക്കി ആരോഗ്യം നിലനിർത്തുക എന്നതാണ് ഷെയ്ഖ് ഹംദാന്റെ ആഹ്വാനം. ദുബായ് സ്പോർട്സ് അതോറിട്ടി ചെയർമാൻ കൂടിയായ അദ്ദേഹം, കുതിരയോട്ടം ഉൾപ്പടെയുള്ള സാഹസിക വിനോദങ്ങളിലെ രാജ്യാന്തര താരം കൂടിയാണ്.
—