ന്യൂഡൽഹി : സാധാരണക്കാർക്ക് സ്വപ്നതുല്യമായ ദീപാവലി സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.ചെറുകിട,ഇടത്തരം സംരംഭകർക്ക് വെറും 59 മിനിട്ടിൽ 1 കോടി രൂപയുടെ വായ്പയാണ് ഇനി ലഭിക്കുക.ചെറുകിട വ്യാപാരികൾക്കായി 12 ഇനം പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്.
പ്രഭാത നടത്തത്തിനായി വിനിയോഗിക്കുന്ന സമയം കൊണ്ട് കോടി രൂപ വായ്പ നേടാൻ അവസരമെന്നാണ് ഡൽഹി വിജ്ഞാൻ ഭവനിൽ ചെറുകിട ഇടത്തരം സംരംഭകർക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്യവെ മോദി പ്രസ്താവിച്ചത്.
ചെറുകിട വ്യാപാരികൾക്കുള്ള ദീപാവലി സമ്മാനമെന്നാണ് ഇതിനെ മോദി വിശേഷിപ്പിച്ചത്.ചെറുകിട ഇടത്തരം വ്യവസായത്തിൽ സർക്കാരിന്റെ പങ്ക് 20 ൽ നിന്ന് 25 ശതമാനമാക്കി ഉയർത്തും.മാത്രമല്ല ജി എസ് ടി യുമായി ബന്ധിപ്പിച്ച് വ്യവസായങ്ങൾക്ക് ഒരുകോടിരൂപ വായ്പയിൽ രണ്ടുശതമാനം പലിശയിളവ് നൽകും
ബിസിനസ് സൗഹൃദ രാഷ്ട്രത്തിന് അവശ്യം വേണ്ട ഗുണങ്ങളിൽ ആറെണ്ണത്തിലും ഇന്ത്യ മുന്നേറ്റം കൈവരിച്ച് 77 -)0 റാങ്ക് നേടിയതിനു തൊട്ടുപിന്നാലെയാണ് മോദിയുടെ പുതിയ പ്രഖ്യാപനങ്ങൾ.
ചരക്കു സേവന നികുതി നടപ്പിലാക്കിയതും ചെറുകിട വ്യവസായങ്ങൾക്ക് നികുതി കുറച്ചതും ലോക ബാങ്കിന്റെ പ്രശംസ നേടി.ഡിജിറ്റൽ ഇന്ത്യ വഴി വ്യാപാരത്തിലുണ്ടായ വേഗതയും ഇന്ത്യയുടെ റാങ്ക് ഉയർത്താൻ കാരണമായി. രേഖകൾ ഡിജിറ്റലായി സ്വീകരിക്കലും ഒപ്പം ഡിജിറ്റൽ സിഗ്നേച്ചറും സാദ്ധ്യമായപ്പോഴാണ് വ്യാപാര വേഗത വർദ്ധിച്ചത്.