കുവൈറ്റ് സിറ്റി : സെന്റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസ് കുവൈറ്റ് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി ലഘു പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. സാല്മിയയില് നടന്ന പരിപാടിയില്‍ പ്രസിഡണ്ട് മഹാദേവ അയ്യര്‍ അധ്യക്ഷത വഹിച്ചു. നാളത്തെ കേരളം എന്ന വിഷയത്തെ അധികരിച്ച് അഞ്ച് മേഖലകള്‍ കേന്ദ്രികരിച്ചു ആയിരുന്നു പ്രഭാഷണ പരമ്പരകള്‍ നടന്നത്. വിദ്യാഭ്യാസ മേഖലയെ കുറിച്ചു ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ പ്രിന്‍സിപ്പലും വിദ്യാഭ്യാസ വിചക്ഷണനുമായ രാജേഷ് നായര്‍, സാംസ്കാരിക കേരളത്തെകുറിച്ച് എന്‍.എസ്. എസ് പ്രസിഡണ്ട് പ്രസാദ് പത്മനാഭന്, സാമൂഹിക രംഗത്തെകുറിച്ച് സാമൂഹ്യ പ്രവര്ത്തകന് ശശിധരന് നാട്ടിക, മാധ്യമ രംഗത്തെകുറിച്ച് മലയാളം മീഡീയാ ഫോറം ജനറല്‍ കണവീനറും കുവൈറ്റ് ടൈംസ് ബിസിനസ് എഡിറ്ററുമായ സജീവ് കെ. പീറ്റര്‍, സാമ്പത്തിക രംഗത്തെ കുറിച്ച് മാധ്യമ പ്രവര്ത്തകന് വിക്ടര്‍ ജോര്‍ജ് എന്നിവര്‍ പ്രഭാഷണം നടത്തി. സാംസ്കാരിക പ്രവര്ത്തകന് വിഭീഷ് തിക്കോടി വിഷയങ്ങള്‍ ക്രോഡീകരിച്ചു ഉപസംഹാരം നടത്തി.
സമകാലിക കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ പങ്കിട്ട വേദി, വിദ്യാഭ്യാസ – സാംസ്കാരിക – സാമൂഹിക രംഗത്തെ മൂല്യച്യുതിയെ കുറിച്ചും, മാധ്യമങ്ങളുടെ ദിശാബോധത്തെ കുറിച്ചു ആഴത്തില്‍ പ്രതിപാദിക്കുകയുണ്ടായി.
കേരളത്തിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ വികസനത്തിന് ഉതകുന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും, ശ്രദ്ധിക്കേണ്ട ഒരു പാട് കാര്യങ്ങളെ കുറിച്ചും ചുണ്ടികാണിച്ച പ്രഭാഷണ പരമ്പര ശ്രദ്ധേയമായി മാറി. ചടങ്ങില്‍ സതീഷ് സ്വാഗതവും പ്രശാന്ത് ചന്ദ്രന് നന്ദിയും രേഖപ്പെടുത്തി.