പട്ന: ലാലു പ്രസാദ് യാദവിനെ കാണുന്നതിന് വേണ്ടി വീട്ടില്‍ നിന്ന് പോയ ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവിനെ കുറിച്ച് പിന്നീട് വിവരമില്ലെന്ന് വീട്ടുകാര്‍. വിവാഹമോചനം സംബന്ധിച്ച് പിതാവ് ലാലു പ്രസാദ് യാദവുമായി സംസാരിച്ച ശേഷം തേജ് പ്രതാപ് പട്നയിലേക്ക് തിരിച്ചിരുന്നു. ഇതിന് ശേഷം തേജിനെക്കുറിച്ച് വിവരമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ശനിയാഴ്ചയാണ് രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന ലാലുവിനെ തേജ് പ്രതാപ് സന്ദര്‍ശിച്ചത്. ഇതിന് ശേഷം ഞായറാഴ്ച ബോധ്ഗയയിലെ ഒരു ഹോട്ടലിലാണ് തേജ് പ്രതാപ് താമസിച്ചത്. തിങ്കളാഴ്ച ഇവിടെ നിന്ന് മടങ്ങിയെങ്കിലും ഇത് വരെ വീട്ടിലെത്തിയിട്ടില്ലെന്നും പിന്നീട് തേജിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. ഫോണിലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
2018 മേയ് 12ന് ആയിരുന്നു ആര്‍ജെഡി നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയുമായുള്ള തേജ് പ്രതാപിന്റെ വിവാഹം. ഏറെ നാളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്ന ഇരുവരും ഈ മാസം രണ്ടിന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പാട്ന കോടതിയിലാണ് ഇതു സംബന്ധിച്ച ഹര്‍ജി സമര്‍പ്പിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമാണ് വിവാഹബന്ധം അവസാനിപ്പിക്കുന്നതെന്നാണ് തേജ് പ്രതാപ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായുടെ കൊച്ചുമകളാണ് ഐശ്വര്യ.