Kerala

വിശ്വാസ സംരക്ഷകരെ കേസെടുത്ത് നശിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു: പി എസ് ശ്രീധരൻപിള്ള

മധൂർ (കാസർകോട്): ശബരിമലയെ നശിപ്പിക്കാൻ കഴിഞ്ഞ 60 വർഷമായി സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. അവസാന ബിജെപി പ്രവർത്തകന്‍റെ അവസാന തുള്ളി രക്തം അവശേഷിക്കുന്നതു വരെ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മധൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തെ സംരക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കേസെടുത്ത് നശിപ്പിക്കാൻ നോക്കിയാൽ നിയമം കൊണ്ട് തന്നെ അതിനെ ചെറുക്കും. ദേശാഭിമാനിയുടെ ഒന്നാം പേജിൽ മാപ്പപേക്ഷിച്ച സംഭവം പിണറായി വിജയൻ മറക്കരുത്. എകെജിയുടെ കാലം മുതൽ ശബരിമലയെ തകർക്കാൻ സിപിഎം ശ്രമിച്ചു വരികയാണ്. ശബരിമല തീവെച്ചതല്ല തീപിടിച്ചതാണെന്നാണ് സിപിഎമ്മുകാർ പ്രസംഗിച്ച് നടന്നത്. വിശ്വാസം തകർക്കാനും വിശ്വാസികളെ വേട്ടയാടാനുമാണ് സിപിഎം എന്നും ശ്രമിച്ചത്.

ഇതിന്‍റെ ഭാഗമായാണ് തെറ്റുതിരുത്തൽ ക്യാമ്പയിൻ എന്ന പേരിൽ പ്രചരണം നടത്തിയത്. മതപരമായ വിശ്വാസങ്ങളും വ്യക്തിപരമായ ആചാരങ്ങളും പാർട്ടി അംഗങ്ങൾ പിന്തുടരുതെന്നാണ് 19ാം പാർട്ടി കോൺഗ്രസ് നിർദ്ദേശം നൽകിയത്. ഈ തീരുമാനം നടപ്പാക്കാനാണ് വീണു കിട്ടിയ സുപ്രീംകോടതി വിധി ആയുധമാക്കുന്നത്.

കണ്ണൂർ പ്രസംഗത്തിന്‍റെ പേരിൽ ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷനെതിരെ ചിലർ രംഗത്ത് വന്നത് അപഹാസ്യമാണ്. കോടതി വിധികൾ പ്രായോഗികമാകണമെന്ന് പ്രസംഗിച്ച അമിത് ഷായ്ക്കെതിരെ രംഗത്ത് വന്ന ഇടത് അനുകൂലികളായ 18 സാഹിത്യകാരൻമാർ ചരിത്രം പഠിക്കണം. അമിത് ഷായുടെ പ്രസംഗം കോടതിയലക്ഷ്യമാണെങ്കിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച് എൽ ദത്തുവിനെതിരെ കേസ് കൊടുക്കാൻ ഇവർ തയ്യാറാകണം. ഹർത്താലുകൾ നിരോധിച്ച കോടതി വിധി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിച്ചത് എച്ച് എൽ ദത്തുവാണ്. അമിത് ഷായ്ക്കെതിരെ രംഗത്തു വന്നവർ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്.

വിഷാദ രോഗം ബാധിച്ചതിനാലാണ് സിപിഎമ്മും പിണറായി വിജയനും പിച്ചും പേയും പറയുന്നത്. ഈ രോഗം സിപിഎമ്മിന്‍റെ അന്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച്ചാ വേദിയിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകില്ല. ആ പ്രസംഗത്തിന്‍റെ പേരിൽ തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കർണ്ണാടക സംസ്ഥാന അദ്ധ്യക്ഷൻ യദ്യൂരപ്പ രഥയാത്ര ഉദ്ഘാടനം ചെയ്തു. ശ്രീധരൻപിള്ളയും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും സംയുക്തമായാണ് രഥയാത്ര നയിക്കുന്നത്.

6K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close