കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തു. കസബ പൊലീസാണ് കേസെടുത്തത്. ഈ മാസം നാലാംതിയതി കോഴിക്കോട് യുവമോര്‍ച്ച സംഘടിപ്പിച്ച സംസ്ഥാന സമിതിയോഗത്തില്‍ ശ്രീധരന് പിള്ള നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.
അഡ്വക്കേറ്റ് എന്ന നിലയില്‍ ശ്രീധരന് പിള്ളയോട് തന്ത്രി കുടുംബത്തിൽ നിന്നും നടയടക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ സംശയദുരീകരണം നടത്തിയിരുന്നു. കൂടാതെ ഇപ്പോഴത്തെ സാഹചര്യം വിശ്വാസികളെ സംരക്ഷിക്കാനുള്ള സുവര്‍ണാവസരമായി കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാദ്ധ്യമങ്ങളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.
ഇക്കാര്യം പിന്നീട് മാദ്ധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കസബ പൊലീസ് ഐപിസി 505 വണ്‍ ബി പ്രകാരം കേസെടുത്തത്. മറ്റുള്ളവരെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുംവിധം പ്രകോപനപരമായി പ്രസംഗിച്ചു എന്ന വകുപ്പ് ഉപയോഗിച്ചാണ് കേസ്.