കോട്ടയം: കെവിന് കേസില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ ടിഎം ബിജുവിനെയാണ് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്. ബിജുവിനൊപ്പമുണ്ടായിരുന്ന പൊലീസ് ഡ്രൈവര്‍ എം എന്‍ അജയകുമാറിന്റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി.
കെവിന് കേസില്‍ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നടപടി. പെട്രോളിംഗിനിടെയാണ് ഷാനു ചാക്കോയില്‍ നിന്നും ഗാന്ധിനഗര്‍ എഎസ്ഐ ആയിരുന്ന ടി എം ബിജു രണ്ടായിരം രൂപാ കൈക്കൂലി വാങ്ങിയത്. വകുപ്പുതല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ നടപടി വന്നത്.
കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്ഐ എം എസ് ഷിബു, റൈറ്റര്‍ സണ്ണിമോന്‍ എന്നിവര്‍ക്കെതിരായ ഐജി വിജയ് സാക്കറെയുടെ അന്വേഷണം തുടരുകയാണ്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെ കൈക്കൂലി കേസില്‍ ക്രിമിനല്‍ നടപടികളും നടന്നുവരികയാണ്. അതേസമയം, പൊലീസിന്റെ വീഴ്ച മൂലമാണ് കെവിന് കൊല്ലപ്പെടാനിടയായതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉണ്ടാകണമെന്നും കെവിന്റെ ഒപ്പമുണ്ടായിരുന്ന ബന്ധു അനീഷ് പ്രതികരിച്ചു.
കെവിന് കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞദിവസം കോട്ടയം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.