അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ കൊയ്ത്തുത്സവം വെള്ളിയാഴ്ച്ച പരിപാടികളോടെ നടക്കും. പരമ്പരാഗത രീതിയിൽ പള്ളിയങ്കണത്തിൽ സജ്ജീകരിക്കുന്ന ചന്തയും കലാപരിപാടികളുമാണ് കൊയ്ത്തുത്സവത്തിന്റെ പ്രധാന ആകർഷണം. നാടൻ ഭക്ഷ്യവിഭവങ്ങളും പാനീയങ്ങളും വിപണനം ചെയ്യുന്ന 50 ഓളം സ്റ്റാളുകളാണ് പള്ളിയിൽ ഒരുക്കിയിട്ടുള്ളത്. വീട്ടുപയോഗത്തിനുള്ള വസ്തുക്കളും വസ്ത്രങ്ങളും ആഭരണങ്ങളുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കായി 25 ഓളം സ്റ്റാളുകളുമുണ്ടാവും. ഇടവകയിലെ അംഗങ്ങൾ പാകം ചെയ്യുന്ന തനത് നസ്രാണി പലഹാരങ്ങളുടെ വലിയ ശേഖരവും സന്ദർശകർക്കായി ഒരുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൊയ്ത്തുത്സവത്തിന്റെ ആദ്യഘട്ടം പ്രത്യേക പ്രാർത്ഥനകളോടെ വെള്ളിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. വൈകിട്ട് നാലുമണിക്ക് സ്റ്റാളുകളുടെ ഉദ്ഘാടനം യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഐ.എ.എസ് നിർവ്വഹിക്കും. ഇടവക വികാരി റവറെന്റ് ഫാദർ ബെന്നി മാത്യു, സഹവികാരിറവറെന്റ് ഫാദർ പോൾ ജേക്കബ്, കത്തീഡ്രൽ ട്രസ്റ്റി ജോർജ്.വി.ജോർജ്, സെക്രട്ടറി ജെയിംസൺ പാപ്പച്ചൻ, ജോയിന്റ് ജനറൽ കൺവീനർ ജോൺസൺ കാട്ടൂർ, ജോയിന്റ് ഫിനാൻസ് കൺവീനർ എബ്രഹാം ജോസഫ്, ഗീവർഗീസ് മാത്യു, മീഡിയ കൺവീനർ സിബി കടവിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.